ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുത്തന്‍ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ‘റീസന്റ് മീഡിയ സജഷന്‍സ്’ എന്ന പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകും. . ചാറ്റ് വിന്‍ഡോയില്‍ ഏറ്റവും പുതിയ ഫോട്ടോകളോ വിഡിയോകളോ നേരിട്ട് കാണാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍.
ആര്‍ക്കെങ്കിലും എന്തെങ്കിലും ഷെയര്‍ ചെയ്യണമെങ്കില്‍ ഫോണിലെ ഗാലറിക്കായി തിരയണ്ട, ഫയലുകളും ഫോട്ടോകളും എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ സാഹായിക്കുന്നതാണ് ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. തെരഞ്ഞെടുത്ത ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഫീച്ചര്‍ ഇതിനകം ലഭ്യമായിട്ടുണ്ട്.
ഏറ്റവും പുതിയ ഫോട്ടോയുടെയോ വിഡിയോയുടെയോ ഒരു ചെറിയ പതിപ്പ് വാട്സ്ആപ്പ് ചാറ്റിനുള്ളില്‍ കാണിക്കും. തമ്പ്നെയിലില്‍ ടാപ്പ് ചെയ്താല്‍ വാട്സ്ആപ്പിന്റെ എഡിറ്റിങ് ടൂളുകള്‍ ലഭ്യമാകും. ഇതിലൂടെ ഫോട്ടോയോ വിഡിയോയോ അയക്കുന്നതിന് മുന്‍പ് ക്യാപ്ഷനുകള്‍ ചേര്‍ക്കാനോ, സ്റ്റിക്കറുകള്‍ ഒട്ടിക്കാനോ അല്ലെങ്കില്‍ മറ്റ് മാറ്റങ്ങള്‍ വരുത്താനോ സാധിക്കും.
കാമറയില്‍ എടുത്ത ചിത്രങ്ങള്‍, സ്ക്രീന്‍ഷോട്ടുകള്‍, മറ്റ് ആപ്പുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതോ സേവ് ചെയ്തതോ ആയ മീഡിയകള്‍ എന്നിങ്ങനെയുളള ഫയലുകള്‍ ഇതില്‍ നിര്‍ദ്ദേശങ്ങളായി വരാം. ചിലപ്പോള്‍ ഇത് ചാറ്റ് ബാറിന് മുകളിലായി പ്രത്യക്ഷപ്പെടാം. അല്ലെങ്കില്‍ കാമറ ഐക്കണിന് പകരം മീഡിയ പ്രിവ്യൂ കാണാം. ഉപയോക്താവിന് ഈ ഫീച്ചര്‍ ആവശ്യമില്ലെങ്കില്‍ സാധാരണ പോലെ ചാറ്റിങ് നടത്താം. ഇഷ്ടമല്ലെങ്കില്‍, അവ ഓഫ് ചെയ്യാവുന്നതാണ്.
നിലവില്‍, വാട്സ്ആപ്പ് ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഘട്ടം ഘട്ടമായാണ് പുറത്തിറക്കുന്നത്. അതിനാല്‍, എല്ലാവര്ക്കും ഇത് ഒരേസമയം ലഭിക്കണമെന്നില്ല. എല്ലാവര്‍ക്കുമായി ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.







