ബെംഗളൂരു / പാലക്കാട് ∙ മലയാളി യുവാവ് ബെംഗളൂരുവിലെ യെലഹങ്കയിൽ കൊല്ലപ്പെട്ടതിനു പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന ആരോപണം ശക്തമായി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിനെ ഇരുമ്പു പൈപ്പും ക്രിക്കറ്റ് ബാറ്റും ഉപയോഗിച്ച് അടിച്ചുകൊന്നതിനു തമിഴ്നാട് സ്വദേശിയായ ഫാക്ടറിയുടമ ആനന്ദ് രാജ് പിടിയിലായിരുന്നു. പിന്നാലെ ഇയാളുടെ സുഹൃത്തുക്കളായ 2 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ ഗൂഢാലോചന വ്യക്തമാകുമെന്നാണു പൊലീസ് പറയുന്നത്. മകളുമായുള്ള പ്രണയത്തിൽ നിന്നു പിന്മാറാത്തതിന്റെ പേരിൽ കിരണിനെ മർദിച്ചെന്നും അവശനായപ്പോൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നുമാണു ആനന്ദ് പൊലീസിനോടു പറഞ്ഞത്.
എന്നാൽ, കിരണിനായി ആനന്ദ് മനഃപൂർവം കെണി ഒരുക്കിയെന്നും ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തിയെന്നുമാണു ബന്ധുക്കളുടെ ആരോപണം. പെൺകുട്ടിയിൽ നിന്ന് 500 രൂപ കടം വാങ്ങാനാണു കിരൺ ആനന്ദിന്റെ വീട്ടിലെത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം ഫോണിൽ നിന്നു ലഭിച്ചതായും ഇവർ പറഞ്ഞു. കേസുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ടു ബെംഗളൂരുവിൽ നിന്നു ചിലർ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചു. കിരണിന്റെ മരണവാർത്തയറിഞ്ഞ് അബുദാബിയിൽ നിന്ന് അച്ഛനും അമ്മയും ഇന്നലെ രാത്രി ചെമ്പ്രയിലെ വീട്ടിൽ എത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വീട്ടിലെത്തിച്ചു സംസ്കാരം നടത്തും.






