കുവൈത്ത് സിറ്റി∙ താമസസ്ഥലത്ത് വച്ച് ഫിലിപ്പീൻ വനിതയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഈജിപ്ഷ്യൻ പ്രവാസി അറസ്റ്റിൽ. 44 വയസ്സുകാരനായ ഈജിപ്ഷ്യൻ സ്വദേശിയെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് സൗത്ത് നുഗ്ര ക്ലിനിക്കിൽ നിന്നാണ് ഓപ്പറേഷൻസ് വിഭാഗത്തിന് വിവരം ലഭിച്ചത്. ഗുരുതരമായ മാനസിക വിഷമാവസ്ഥയിൽ ഒരു വനിത ക്ലിനിക്കിലെത്തിയതായും പീഡനത്തിനും ശാരീരിക അതിക്രമത്തിനും ഇരയായതായി പരാതിപ്പെട്ടതായും അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ പട്രോൾ സംഘം ക്ലിനിക്കിലെത്തി വനിതയെ കണ്ടു. 52 വയസ്സുകാരിയായ ഫിലിപ്പീൻ സ്വദേശിനി, ഈജിപ്ഷ്യൻ പ്രവാസി തന്റെ താമസസ്ഥലത്ത് വച്ച് പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥരോട് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.
തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയയാക്കി. നുഗ്ര ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിരിച്ചറിഞ്ഞ് ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഇയാളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.







