കോളജ് പഠനത്തോടൊപ്പം ഒരു ചായക്കടയെങ്കിലും തുടങ്ങി പണക്കാരാകുന്നത് സ്വപ്നം കണ്ട ഒരു കാലം നമുക്കെല്ലാം ഉണ്ടായിരിക്കും. വെറുതെ തുടങ്ങിയാൽ പോരാ നഷ്ടമില്ലാതെ തുടരുകയെന്നതും ഇന്നത്തെ ബിസിനസ് മേഖലയിൽ ബാലികേറാ മല തന്നെയാണ്. എന്നാൽ, ഈ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് ഗുരുഗ്രാമിലെ മാനേജ്നെൻ്റ് സ്റ്റഡീസ് അവസാന വർഷ വിദ്യാർഥിയായ 21കാരിയായ അനന്യ അഗർവാൾ. ‘ലൂം ആൻഡ് ലൈം’ എന്ന പേരിൽ ഗുരുഗ്രാമിൽ തുടങ്ങിയ വെജിറ്റേറിയൻ കഫേ, ആരംഭിച്ച് രണ്ടു മാസം പോലും തികയുന്നതിന് മുമ്പേ 15 ലക്ഷം രൂപയാണ് അനന്യ സമ്പാദിച്ചിരിക്കുന്നത്.
പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ഒരു ബിസിനസ് നടത്തികൊണ്ട് പോകുകയെന്നത് ഒട്ടും എളുപ്പമല്ല. അവിടെയാണ് അനന്യ നമുക്കെല്ലാം മാതൃകയാകുന്നത്. അനന്യയ്ക്ക് ബിസിനസ് മുമ്പോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം അതിനോടുള്ള താൽപ്പര്യം തന്നെയാണ്. തൻ്റെ സമപ്രായക്കാരെല്ലാം ക്ലാസുകളിലും, ഡെഡ് ലൈനുകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പഠനവും ബിസിനസും ഒരുപോലെ കൊണ്ടുപോകുകയാണ് ഈ കൊച്ചുമിടുക്കി.
ഇറ്റാലിയൻ, മെക്സിക്കൻ, മെഡിറ്ററേറിയൻ തുടങ്ങി ഇന്ത്യക്ക് പുറത്തുളള വെജിറ്റേറിയൻ ഭക്ഷണങ്ങളാണ് കഫേയുടെ മെയിൻ ഹൈലൈറ്റ്. അടുപ്പിൽ ചുട്ടെടുക്കുന്ന പിസ, പാസ്ത, ടാക്കോകൾ, മെസ്സെ പ്ലാറ്ററുകൾ, സ്പെഷ്യൽ ബ്രെഡുകൾ, വിവിധതരം ഫ്രൈകൾ എന്നിങ്ങനെ നീണ്ടുപോകുന്നു മെനു.
ബ്രാഞ്ച് ചർച്ചകളും ബിസിനസ്സ് മീറ്റിംഗുകളും മുതൽ വിപണിയിൽ സ്ഥാനം ഉറപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഈ ഇരുപത്തിയൊന്നുകാരി തീരുമാനിക്കുന്നത് ഒറ്റക്കല്ല. ഒപ്പം താങ്ങും തണലുമായി മാതാപിതാക്കളുമുണ്ട് ഈ മിടുക്കിയുടെ കൂടെ.







