അച്ഛൻ കുടുംബത്തിലെ ഏഴ് പേരെ കൊന്ന സീരിയൽ കില്ലർ; സഹായിയായി പതിനേഴുകാരി മകൾ; മൃതദേഹങ്ങൾ ചാക്കിലാക്കാനും ഉപേക്ഷിക്കാനും കൂട്ടുനിന്നു

Spread the love

ബെംഗളൂരു: നവംബര്‍ മൂന്നാം തിയതി ചൊവ്വാഴ്ച ബെംഗളൂരുവിലെ ശ്രീരാംപുര പൊലീസ് സ്റ്റേഷനില്‍ ഒരു വയോധികയെത്തി. തന്റെ മകളെക്കുറിച്ചോ അവളുടെ കുടുംബത്തെക്കുറിച്ചോ യാതൊരു വിവരവുമില്ല എന്നായിരുന്നു തുങ്കമ്മ എന്ന ആ സ്ത്രീയുടെ പരാതി. ഇരുപത്തിയൊമ്പത് വയസുള്ള മകള്‍ നളിനിയെയും ഭര്‍ത്താവ് ശങ്കറിനെയും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അവര്‍ പറഞ്ഞു.

 

പൊലീസ് അവരോട് കാര്യങ്ങള്‍ വിശദമായി ചോദിച്ചു. ശങ്കറിന്റെ സഹോദരി സുനിതയുടെ ഭര്‍ത്താവ് ഇന്ദുശേഖറിനെ തനിക്ക് സംശയമുണ്ടെന്ന് തുങ്കമ്മ പറഞ്ഞു. മാത്രമല്ല, നളിനിയെയും ശങ്കറിനെയും കൂടാതെ ശങ്കറിന്റെ സഹോദരന്‍ ശിവകുമാര്‍, ഭാര്യ ദിവ്യ, അവരുടെ ഏഴ് വയസുള്ള മകന്‍ പുനീത്, ശങ്കറിന്റെയും ശിവകുമാറിന്റെയും അമ്മ രൂപവതി എന്നിവരോടൊപ്പം സുനിതയെക്കുറിച്ചും ഒരു വിവരവുമില്ലെന്ന് തുങ്കമ്മ പറഞ്ഞു.

 

ഇന്ദുശേഖറിനെ വിളിച്ചപ്പോള്‍ ഇവരെല്ലാം ഇന്ത്യയൊട്ടാകെ ഒരു യാത്ര പോയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. ഒരു തവണ നളിനിയെ വിളിച്ചപ്പോൾ പതിനൊന്ന് വയസുള്ള മകനാണ് ഫോണെടുത്തത്. തങ്ങള്‍ കാറിലാണെന്നും യാത്ര പോവുകയാണെന്നുമായിരുന്നു അവന്റെ മറുപടി. മാത്രമല്ല, മറ്റുള്ള കുടുംബാംഗങ്ങളുടെ ഫോണുകളില്‍ നിന്നും ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യുകയാണെന്ന തരത്തിലുള്ള മെസേജുകള്‍ വന്നുകൊണ്ടുമിരുന്നു. ഇതില്‍ സംശയം തോന്നിയതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും തുങ്കമ്മ വ്യക്തമാക്കി.

 

ശ്രീരാംപുര പൊലീസ് ഇന്‍സ്‌പെക്ടര്‍ പൂനച്ച എന്‍.എം ഉടനെ ബെംഗളൂരു രാജാജിനഗറിലെ ഭാഷ്യം സര്‍ക്കിളിനടുത്തുള്ള കെട്ടിടത്തിലെത്തി. കെട്ടിടത്തിന്റെ ടെറസിലെ ഒറ്റമുറി അടുക്കള വീട്ടിലായിരുന്നു 52 വയസുള്ള ഇന്ദുശേഖറും ഭാര്യ സുനിതയും അവരുടെ പതിനേഴ് വയസുള്ള മകളും താമസിക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സമീപവാസികളോട് ചോദിച്ചപ്പോള്‍ മൂന്ന് ദിവസം മുമ്പുവരെ പതിനേഴുകാരിയെ വീട്ടില്‍ കണ്ടിരുന്നതായി പറഞ്ഞു.

 

വീട്ടിലാകെ രാസവസ്തുവിന്റെ കുത്തുന്ന മണമായിരുന്നു. വീട് വളരെ വൃത്തിയാക്കിയിട്ടിരുന്നു. ആട്ടുകല്ല് അടക്കമുള്ള സാധനങ്ങള്‍ പുറത്ത് കിടപ്പുണ്ടായിരുന്നു. പാത്രങ്ങളെല്ലാം വൃത്തിയായും ക്രമത്തിലും നിരത്തിവെച്ചിരുന്നു. ഇതോടെ പൊലീസിന് സംശയം ബലപ്പെട്ടു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതുപോലെയായിരുന്നു അത്.

 

പൊലീസ് കുടുംബത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു. സുനിതയും ഭര്‍ത്താവ് ഇന്ദുശേഖറും വിവാഹിതരായിട്ട് 20 വര്‍ഷം കഴിഞ്ഞിരുന്നു. ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. ഇരുവരുടെയും വഴക്ക് അവസാനിപ്പിക്കാന്‍ സുനിതയുടെ അമ്മ രൂപവതിയും സഹോദരന്‍മാരായ ശങ്കറും ശിവകുമാറും ഇടപെട്ടിരുന്നു. ശങ്കറിന്റെ ഭാര്യയായ നളിനിയും ശിവകുമാറിന്റെ ഭാര്യ ദിവ്യയും സമാധാനശ്രമങ്ങളില്‍ പങ്കാളികളായിരുന്നു. എന്നാല്‍ തങ്ങളുടെ വഴക്കില്‍ ഭാര്യയുടെ കുടുംബം ഇടപെടുന്നതോ അവര്‍ ഭാര്യയെ പിന്തുണച്ച് തന്നെ കുറ്റപ്പെടുത്തുന്നതോ ഇന്ദുശേഖര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരില്‍ സുനിതയെ സ്വന്തം വീട്ടില്‍ പോകാന്‍ പോലും ഇന്ദുശേഖര്‍ അനുവദിച്ചിരുന്നുമില്ല.

 

പൊലീസ് ഇന്ദുശേഖറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കി. നവംബര്‍ അഞ്ചാം തിയതി ഇന്ദുശേഖറിനെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് അറസ്റ്റുചെയ്യുമ്പോള്‍ അയാള്‍ക്കൊപ്പം പതിനേഴ് വയസുള്ള മകളും നളിനിയുടെയും ശങ്കറിന്റെയും മൂത്തമകനുമുണ്ടായിരുന്നു.

 

പൊലീസ് ഇന്ദുശേഖറിനെ ചോദ്യം ചെയ്തു. ഭാര്യയും ഭാര്യയുടെ കുടുംബാംഗങ്ങളും എവിടെയെന്ന് അന്വേഷിച്ചു. ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ ഇന്ദുശേഖര്‍ കൂട്ടാക്കിയില്ലെങ്കിലും പിന്നീട് പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ കൂട്ടക്കൊലപാതകം സമ്മതിക്കുകയായിരുന്നു.

 

ഭാര്യയടക്കം ഏഴ് പേരെ താന്‍ വീട്ടിലെ ആട്ടുകല്ല് ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഇന്ദുശേഖറിന്റെ വെളിപ്പെടുത്തല്‍. ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള 15 ദിവസങ്ങളിലായിരുന്നു കൊലപാതകം. ആദ്യം ഭാര്യ സുനിതയെ ആട്ടുകല്ല് ഉപയോഗിച്ച് കൊന്നു. അതിന് ശേഷം ഭാര്യയുടെ കുടുംബാംഗങ്ങളെ പല ദിവസങ്ങളിലായി ‘മട്ടണ്‍ ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട്, അത്താഴത്തിന് വരണം’ എന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ആട്ടുകല്ല് ഉപയോഗിച്ച് കൊലപ്പെടുത്തി.

 

ഈ കൊലപാതകങ്ങള്‍ക്കെല്ലാം നളിനിയുടെ മൂത്തമകനായ പതിനൊന്നുകാരന്‍ സാക്ഷിയായത് കേസില്‍ നിര്‍ണായകമായി. ഒക്ടോബര്‍ 31നാണ് ദിവ്യയെയും ശിവശങ്കറിനെയും ഇന്ദുശേഖര്‍ വീട്ടിലേക്ക് വിളിപ്പിക്കുന്നത്. ബന്ധുവീട്ടില്‍ പാര്‍ട്ടിക്ക് പോവുകയാണെന്നും വീടിന്റെ ഗെയ്റ്റ് അടയ്‌ക്കേണ്ടെന്നും വീട്ടുടമയോട് ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ തിരിച്ചുവന്നില്ല.

 

ഇന്ദുശേഖറിന്റെ വീട്ടിലെത്തിയ തങ്ങള്‍ അന്ന് രാത്രി അവിടെ കിടന്നുറങ്ങിയെന്ന് പതിനൊന്നുകാരന്‍ പറഞ്ഞു. പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. അമ്മയോടൊപ്പം പോകാനൊരുങ്ങിയപ്പോള്‍ അങ്കിളിന്റെ മകളായ ചേച്ചി തന്നെ പിടിച്ചുവലിച്ച് മുറിയില്‍ പൂട്ടിയിട്ടു. അപ്പോള്‍ അമ്മ പുറത്ത് ഉച്ചത്തില്‍ നിലവിളിക്കുന്നത് കേട്ടു. അതിന് ശേഷം അമ്മയെയും കണ്ടിട്ടില്ലെന്ന് പതിനൊന്നുകാരന്‍ പറഞ്ഞു.

 

തുടർന്ന് അങ്കിളിന്റെ ടൊയോട്ട എത്തിയോസ് കാറില്‍ കയറി തങ്ങള്‍ യാത്ര പോയെന്ന് പതിനൊന്നുകാരന്‍ മൊഴി നല്‍കി. കാറില്‍ ഒരു കറുത്ത കവറില്‍ ആറ് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഒരോ ഫോണും എടുത്ത് തങ്ങള്‍ ഇന്ത്യ മുഴുവന്‍ കറങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്ക് വോയിസ് മെസേജ് അയക്കാന്‍ ഇന്ദുശേഖര്‍ കുട്ടിയോട് ആവശ്യപ്പെട്ടു. ശേഷം കുട്ടിയെയും കൊണ്ട് ഇന്ദുശേഖര്‍ പല സ്ഥലങ്ങളിലും പോയി. കുക്കെ സുബ്രഹ്മണ്യ, ധര്‍മശാല, ശ്രിംഗേരി, ബെംഗളൂരു വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം കുട്ടികളെയും കൊണ്ട് അയാള്‍ യാത്ര ചെയ്തു. ഈ സമയമെല്ലാം കാറില്‍ സീറ്റിനടിയിലായി നാല് കറുത്ത കൂടുകളില്‍ അവന്റെ അച്ഛന്റെയും അമ്മയുടെയും മൃതദേഹങ്ങളുണ്ടായിരുന്നത് പതിനൊന്നുകാരൻ അറിഞ്ഞില്ല.

 

ഇടയ്ക്ക് ദുര്‍ഗന്ധം വന്നപ്പോള്‍ അവന്‍ കൂടുകള്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ഇന്ദുശേഖറും അയാളുടെ പതിനേഴുകാരി മകളും അവനെ തടഞ്ഞു. അതില്‍ വീട്ടിലെ മാലിന്യമാണെന്നാണ് അവര്‍ അവനോട് പറഞ്ഞത്. വഴിയില്‍ വാഹനങ്ങളും ആളുകളുമില്ലാത്ത സമയം നോക്കി ഈ കൂടുകള്‍ വിജനമായ പ്രദേശങ്ങളില്‍ ഉപേക്ഷിച്ചെന്നും പതിനൊന്നുകാരന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അത് എവിടെയൊക്കെയാണെന്ന് കുട്ടിക്ക് അറിയില്ല.

 

പ്രതി പതിനൊന്നുകാരനെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് വ്യക്തമാക്കി. ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഭാര്യയുടെ കുടുംബം ഇടപെട്ടതിലുള്ള പകയും എല്ലാവരെയും കൊന്നാല്‍ സ്വത്തിന്റെ ഏക അവകാശിയായി മാറാമെന്ന ചിന്തയുമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് മരിച്ചവരുടെ ബന്ധുവായ ചന്ദ്രശേഖറും മാധ്യമങ്ങളോട് പറഞ്ഞു.

 

തൊഴില്‍പരമായി ടാക്‌സി ഡ്രൈവറായിരുന്നെങ്കിലും ഇന്ദുശേഖര്‍ പ്രാദേശിക കന്നഡ മാസികയുടെ എഡിറ്ററും പ്രസാദകനുമാണെന്ന് അവകാശപ്പെട്ടിരുന്നു. ആളുകളോടെല്ലാം എഡിറ്ററാണെന്നാണ് അയാള്‍ പറഞ്ഞിരുന്നത്. തന്റെ സ്വകാര്യ ഡയറിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളടക്കം അയാള്‍ സൂക്ഷിച്ചിരുന്നു. ഈ പരിചയം തെളിവുകൾ നശിപ്പിക്കാൻ ഇന്ദുശേഖറിനെ സഹായിച്ചെന്നാണ് കരുതുന്നത്.

 

ബെംഗളൂരുവിലെ 32-ാമത് എസിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതി ഇന്ദുശേഖറിനെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തുടര്‍ന്ന് പ്രതിയുമായി തമിഴ്നാട്ടിലെ യേര്‍ക്കാട്, മൈസൂരിലെ ചാമുണ്ടി കുന്നുകള്‍, ചിക്കബല്ലാപൂരിലെ നന്ദി കുന്നുകള്‍, ദക്ഷിണ കന്നഡയിലെ ശിരാഡി ഘട്ട് എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പിന് കൊണ്ടുപോയി. ഇവിടങ്ങളിലെല്ലാം നടത്തിയ തിരച്ചിലില്‍ ഇതുവരെ ഏഴ് വയസുകാരന്റേത് ഉള്‍പ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നന്ദി ഹില്‍സിന് സമീപം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഒപ്പം പതിനേഴുകാരിയായ മകളെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

  • Related Posts

    പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ അയൽവാസി വെടിവെച്ചുകൊന്നു; വെടിയുതിർത്തത് 15 തവണ

    Spread the love

    Spread the loveഫരീദാബാദ്: വാഹന പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഐടി കമ്പനി മേധാവിയായ യുവാവിനെ അയൽവാസി വെടിവെച്ചുകൊന്നു. ഫരീദാബാദിലെ സെക്ടർ 21 സിയിലാണ് സംഭവം. പരംജീത് ധൻകർ (42) ആണ് കൊല്ലപ്പെട്ടത്. ദീപാവലിക്ക് രണ്ട് ദിവസം മുൻപുള്ള ധൻതേരസ് ദിനമായ വെള്ളിയാഴ്ചയാണ് സംഭവം.…

    ‘ഭാര്യ ടൂർ പോയി, ഫോണിൽ കിട്ടില്ല…’; ശേഖറിനെ കുടുക്കിയത് വാട്സാപ്പ്, കൂട്ടക്കൊലയ്ക്ക് വിരുന്നൊരുക്കി

    Spread the love

    Spread the loveബെംഗളൂരു∙ രാജാജി നഗറില്‍ കുടുംബത്തിലെ ഏഴുപേരെ കൊന്ന ടാക്സി ഡ്രൈവർ എസ്.ഇന്ദുശേഖറെ കുരുക്കിയത് ബന്ധുക്കള്‍ക്ക് അയച്ച വാട്സാപ്പ് ചാറ്റുകള്‍. കുടുംബസമേതം യാത്രയിലാണെന്ന് കൊല്ലപ്പെട്ടവരുടെ ഫോണില്‍നിന്ന് അയച്ച സന്ദേശങ്ങളാണ് അന്വേഷണം ഇയാളിലേക്ക് എത്തിച്ചത്. കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹം കണ്ടെടുത്തു.  …

    Leave a Reply

    Your email address will not be published. Required fields are marked *