കൊച്ചി∙ തൃപ്പൂണിത്തുറ സ്വദേശിനിയുടെ ലൈംഗികപീഡന പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസ് വിദേശത്തേക്കു കടന്നെന്ന സംശയത്തിൽ പൊലീസ്. ഡോക്ടർക്കായി ശനിയാഴ്ച തിരച്ചിൽ നോട്ടിസ് ഇറക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
നടി അതുല്യ ചന്ദ്രയടക്കം അറസ്‌റ്റിലായ ബ്ലാക്ക്‌മെയിലിങ് കേസിലെ പരാതിക്കാരനാണു ഡോക്ടർ. നടിയുടെ ബന്ധുവിന്റെ പരാതിയിൽ കഴിഞ്ഞദിവസമാണു ഡോക്ടർക്കെതിരെ കേസെടുത്തത്. 12 യുവതികളുമായുള്ള സ്വകാര്യദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽനിന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ബ്ലാക്ക്‌മെയിലിങ് കേസിൽ അറസ്‌റ്റിലായ നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ.ബി. വിഷ്ണു (31) എന്നിവരെ ഇന്നു കടവന്ത്ര പൊലീസിനു കസ്‌റ്റഡിയിൽ ലഭിച്ചേക്കും. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പീഡനത്തിനിരയായ സ്ത്രീയുടെ മൊഴി കടവന്ത്ര പൊലീസ് രേഖപ്പെടുത്തും.
ഡോക്ടറുടെ കയ്യിൽനിന്നു കവർന്ന ഫോൺ ഇവരാണു പൊലീസിനു കൈമാറിയത്. ഇത് എങ്ങനെ സംഭവിച്ചു എന്നു അന്വേഷിക്കുന്നതിനാണു മൊഴിയെടുക്കുന്നത്. ഇൗ ഫോണുൾപ്പെടെ ഹാജരാക്കിയാണ് ഇൻഫോപാർക്ക് പൊലീസിന് ഇവർ പരാതി നൽകിയത്.





