കൊൽക്കത്ത∙ ഫർത്താബാദിൽ ലിവ്–ഇൻ പങ്കാളിയുടെ ഫ്ലാറ്റിനുള്ളിൽ യുവാവ് മരിച്ച നിലയിൽ. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സെക്ടർ അഞ്ചിലെ ഐടി കമ്പനിയിൽ സോഫ്റ്റ്‍വെയർ എൻജിനീയറായ സാർഥക് സർക്കാരി(25)നെയാണ് ഞായറാഴ്ച പുലർച്ചെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ സമീപവാസികൾ കണ്ടെത്തിയത്. രക്ഷിക്കണേയെന്ന് അലറിക്കരഞ്ഞു കൊണ്ട് യുവതി പുറത്തേക്കോടിയതു കണ്ട് ഫ്ലാറ്റിലേക്ക് ഓടിച്ചെന്നവരാണ് യുവാവിന്റെ ശരീരം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ വെട്ടേറ്റ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം.
പെൺസുഹൃത്തും ലിവ്– ഇൻ പങ്കാളിയുമായ സാഞ്ചലികയ്ക്കും മാതാവ് മൗമിതയ്ക്കും ഒപ്പം ഫർത്താബാദിലെ വാടക ഫ്ലാറ്റിലാണ് സാർഥക് താമസിച്ചിരുന്നത്. സാർഥകും സാഞ്ചലികയും തമ്മിൽ ശനിയാഴ്ച രാത്രി വാക്കേറ്റമുണ്ടായെന്നും തുടർന്ന് മൂർച്ചയേറിയ ആയുധമെടുത്ത് സാഞ്ചലിക ആക്രമിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മൗമിതയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണു വിലയിരുത്തൽ. ഫ്ലാറ്റിൽനിന്ന് ബഹളം കേട്ടിരുന്നതായി അയൽവാസികളും അറിയിച്ചു. തോളിനും കഴുത്തിനുമിടയിൽ വെട്ടേറ്റ സാർഥകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
‘‘അവളുടെ കരച്ചില്‍ കേട്ടാണ് ഞങ്ങള്‍ ഓടിച്ചെന്നത്. അപ്പോൾ കണ്ട കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. അയാൾ കട്ടിലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നു. അവളുടെ കഴുത്തില്‍ നിറയെ പാടുകളും. മരണവെപ്രാളത്തില്‍ ചെയ്തതായിരിക്കാം’’ – അയല്‍വാസിയായ സായന്‍ പാല്‍ പൊലീസിനോടു പറഞ്ഞു. നരേന്ദ്രപുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്തിന്‍റെ പേരിലാണ് സാര്‍ഥകും സഞ്ചാലികയും തമ്മില്‍ വഴക്കിട്ടതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.






