കുളത്തൂപ്പുഴ (കൊല്ലം)∙ തനിച്ചു താമസിച്ച രോഗിയായ സ്ത്രീ വീടിനുള്ളിൽ സഹായം അഭ്യർഥിക്കാൻ കഴിയാതെയും ഭക്ഷണം കിട്ടാതെയും അവശയായി മരിച്ച നിലയിൽ. രൂക്ഷ ദുർഗന്ധത്തെത്തുടർന്നു സമീപവാസികൾ നടത്തിയ പരിശോധനയിലാണു ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണു നിഗമനം. അ ഞ്ചൽ റേഞ്ചിലെ കളങ്കുന്ന് വനമേഖല അതിർത്തിപ്രദേശമായ ഇഎസ്എം നഗർ മരുതിമൂട് ചതുപ്പിൽ രജനിവിലാസത്തിൽ ആർ.കനകത്തെയാണ് (66) മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടത്തി തെന്മല ഇടമൺ ശാന്തിതീരത്തിൽ സംസ്കരിച്ചു.
കഴിഞ്ഞ ഓണത്തിനു മുൻപ് കനകത്തിന്റെ രോഗാവസ്ഥ രൂക്ഷമായതോടെ ഗ്രാമപ്പഞ്ചായത്ത് അധികൃതർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കു കൊണ്ടുപോയിരുന്നു. ചികിത്സ കഴിഞ്ഞ് മൈലമൂട്ടിൽ കൊച്ചുമക്കളുടെ വീട്ടിലെത്തിച്ചു. ഓണത്തിനുശേഷം അവിടെനിന്ന് മരുതിമൂട് ചതുപ്പിലെ വീട്ടിലേക്കു കനകം താമസം മാറുകയായിരുന്നു. രണ്ടര മാസമായി കനകം മരുതിമൂട് ചതുപ്പിലെ വീട്ടിൽ താമസിക്കുന്ന കാര്യം സമീപവാസികൾക്കു പോലും അറിവുണ്ടായില്ല. വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ ആളുണ്ടെന്ന് അറിയാൻ കഴിഞ്ഞില്ല.
തൊഴിലുറപ്പു തൊഴിലാളിയായിരുന്ന കനകം രോഗിയായതോടെ ജോലിക്കു പോയിരുന്നില്ല. കനകത്തിന്റെ പേരിലുള്ള റേഷൻ കാർഡ് നിലവിൽ റദ്ദായി എന്നാണു രേഖ. മരുതിമൂട് ചതുപ്പു നിവാസികൾ റേഷൻ വാങ്ങുന്ന കടയിൽനിന്നു വർഷങ്ങളായി കനകം സാധനങ്ങൾ വാങ്ങിയിട്ടില്ല. 2019 ൽ ഈ റേഷൻ കാർഡ് തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്കിലെ റേഷൻ കടയിലേക്കു മാറ്റിയെന്നാണു രേഖകളിൽ കാണുന്നതെന്നു റേഷനിങ് അധികൃതർ പറഞ്ഞു. വീട്ടിൽ അവശയായി കിടപ്പിലായതോടെ സഹായം അഭ്യർഥിക്കാൻപോലും കഴിയാതെ ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കനകത്തിന്റെ ഭർത്താവ് ജോൺ ജോസഫ് വർഷങ്ങൾക്കു മുൻപേ മരിച്ചിരുന്നു. ഏകമകൾ രജനിയും മരിച്ചിരുന്നു. കൊച്ചുമക്കളായി 2 പെൺകുട്ടികളാണുള്ളത്. ഇവർ പിതാവ് ജയന് ഒപ്പം മൈലമൂട്ടിലെ വീട്ടിലാണു താമസം.





