കൊല്ലം∙ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സായയുടേത് (26) കൊലപാതകമെന്ന് ബന്ധുക്കൾ. ഭർതൃവീട്ടുകാർക്കെതിരെ കുടുംബം പൊലീസിൽ പരാതി നൽകി. മരണത്തിൽ ദുരൂഹത ഇല്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിനു ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യയല്ല കൊലപാതകമാണെന്നു കുടുംബം ആരോപിച്ചതിനു പിന്നാലെ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.
മാടൻനട സ്വദേശി അഫ്സലിന്റെ ഭാര്യ സായയെ ഒക്ടോബർ 31ന് രാത്രി 8.30നാണ് കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സായയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഭർത്താവിനോട് സ്നേഹം മാത്രമേ ഉള്ളൂ എന്നും തന്റെ സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നത്. പത്തനാപുരം സ്വദേശിയായ യുവതിയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി.





