ന്യൂഡൽഹി ∙ രാജ്യത്ത് ഈ സാമ്പത്തികവർഷം അരി ഉൽപാദനത്തിൽ കുറവുണ്ടാകുമെന്നു കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ വിലയിരുത്തൽ. 2025–26 ൽ 15.4 കോടി ടൺ അരി ഉൽപാദിപ്പിച്ച സ്ഥാനത്തു നടപ്പുസാമ്പത്തികവർഷം (2026–27) ഉൽപാദനം 14.7 കോടി ടണ്ണായി കുറയുമെന്നാണു നിഗമനം. 1950 മുതലുള്ള 76 വർഷത്തിൽ 19 തവണ മാത്രമാണ് അരി ഉൽപാദനത്തിൽ കുറവുണ്ടായത്. അവസാനം ഉൽപാദന ഇടിവുണ്ടായത് 2015–16 ൽ.
മഴയുടെ കുറവും ഇ–20 പെട്രോളിനുള്ള എഥനോൾ ഉൽപാദനവും അരിവിലയെ ബാധിച്ചിട്ടുണ്ട്. എഥനോൾ ഉൽപാദിപ്പിക്കാൻ കരിമ്പും ചോളവും കൂടാതെ ഫൂഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്.
ഇതോടെ രാജ്യത്ത് അരിവില ഗണ്യമായി ഉയർന്നു. 2014–15 ൽ അരിയുടെ ശരാശരി വില 27 രൂപ മാത്രമായിരുന്നു. 2024 ൽ 43.95 രൂപയായി ഉയർന്നു. കഴിഞ്ഞദിവസത്തെ വില 49.42 രൂപയിലെത്തി. അരിവില പിടിച്ചുനിർത്തുന്നതിനായി, എഥനോൾ ഉൽപാദനത്തിനായി മാറ്റുന്ന അരിക്കു കേന്ദ്രസർക്കാർ കഴിഞ്ഞയാഴ്ച പരിധി നിശ്ചയിച്ചു. എഫ്സിഐയുടെ മിച്ചംവരുന്ന അരിയിൽ നിന്നുള്ള എഥനോൾ ഉൽപാദനം 324 കോടി ലീറ്ററായും കേടായ ഭക്ഷ്യധാന്യങ്ങളിൽ നിന്നുള്ള ഉൽപാദനം 1.6 കോടി ലീറ്ററായുമാണു നിയന്ത്രിച്ചത്. നുറുക്കരിയുടെ കയറ്റുമതിക്കും നിയന്ത്രണമേർപ്പെടുത്തി.







