ന്യൂഡൽഹി∙ സ്ത്രീകൾക്ക് മാസം 2500 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ നേരിട്ടു നൽകുമെന്ന പ്രഖ്യാപനം വെറും വാഗ്ദാനമോ? കഴിഞ്ഞ ഓഗസ്റ്റ് 27ന് പ്രതീകാത്മകമായി 2500 പേർക്ക് മുഖ്യമന്ത്രി നേരിട്ട് അനുമതിപത്രം നൽകിയിരുന്നു. മൊത്തം 17 ലക്ഷം സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ, റജിസ്ട്രേഷൻ കണക്കുപ്രകാരം ആകെ 9.2 ലക്ഷം പേരെയുള്ളൂ എന്ന് പ്രതിപക്ഷം വാദിക്കുന്നു.
21നും 60നും ഇടയിൽ പ്രായമുള്ള നിർധന സ്ത്രീകൾക്ക് മാസം 2500 രൂപവീതം ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പദ്ധതി ഡൽഹി സർക്കാരാണ് ആവിഷ്കരിച്ചത്. ഡൽഹിയിലെ അർഹരായ സ്ത്രീകൾക്ക് 1000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലും 1500 രൂപ റെക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലുമാണ് ഓരോ മാസവും നൽകുന്നത്. സ്ത്രീകൾക്ക് ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാണ് ആർഡി പദ്ധതിയും ഇതോടൊപ്പം ചേർത്തതെന്ന് ഡൽഹി സർക്കാർ പറഞ്ഞിരുന്നു.
‘ഡൽഹി ലക്ഷ്മി യോജന’ എന്നാണ് പദ്ധതിയുടെ പേര്. മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഓഗസ്റ്റ് 27ന് 2500 പേർക്ക് പ്രതീകാത്മക അനുമതിപത്രം കൈമാറിയതും. സെപ്റ്റംബർ ഒന്നിന് ആദ്യ 2500 രൂപ അക്കൗണ്ടിൽ ലഭ്യമാക്കുമെന്ന സർക്കാർ വാഗ്ദാനവും നടപ്പായില്ലെന്ന് പ്രതിപക്ഷമായ കോൺഗ്രസ് വിമർശിച്ചു. ദീപാവലി കഴിഞ്ഞിട്ടും ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണമെത്തിയില്ലെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദേവേന്ദ്ര യാദവ് ആരോപിച്ചു.
ഡൽഹിയിൽ ഒരുകോടിയിലധികം സ്ത്രീകൾ ഉണ്ടെന്നിരിക്കേ, പദ്ധതി 17 ലക്ഷം പേരിലേക്കുമാത്രം ചുരുക്കിയ സർക്കാർ നടപടിയെയും ദേവേന്ദ്ര യാദവ് വിമർശിച്ചു. പദ്ധതിയിൽ ചേരാനായി കടുത്ത നിബന്ധനകളാണ് ഡൽഹി സർക്കാർ മുന്നോട്ടുവച്ചത്. അവ ഇങ്ങനെ:
∙ 21നും 60നും മധ്യേ പ്രായമുള്ള സ്ത്രീകൾക്കായുള്ള പദ്ധതിയാണിത്.
∙ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം.
∙ കുടുംബത്തിന്റെ വാർഷിക വരുമാനം 2.50 ലക്ഷം രൂപ കവിയരുത്.
∙ അപേക്ഷകയോ ഭർത്താവോ അല്ലെങ്കിൽ മാതാപിതാക്കളോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം.
∙ അപേക്ഷക ഡൽഹിയിലെ വോട്ടർ ആയിരിക്കണം.
∙ കുടുംബത്തിന്റെ പ്രതിവർഷ വൈദ്യുതി ഉപഭോഗം 2400 യൂണിറ്റ് കവിയരുത്.
∙ അപേക്ഷക മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നയാൾ ആകരുത്.
∙ ആദായനികുതി ദായകർ, ജിഎസ്ടി ദായകർ, സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്കും അയോഗ്യത.
∙ അപേക്ഷകയ്ക്കോ കുടുംബത്തിനോ കാർ ഉണ്ടാകരുത്.
∙ മൂന്നിലധികം കുട്ടികളുള്ളവരും അയോഗ്യർ.
∙ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും പദ്ധതിയിൽ ചേരാനാവില്ല.
3ൽ അധികം മക്കളുള്ളവർ പദ്ധതിയിൽ ചേരാൻ അർഹരല്ലെന്ന നിബന്ധന വിവാദമായിരുന്നു. 3-വർഷ ലോക്ക്-ഇൻ കാലാവധിയുള്ളതാണ് പദ്ധതിയിലെ ആർഡി അക്കൗണ്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമായ 2029ലേ കാലാവധി പൂർത്തിയാക്കി പണം പിൻവലിക്കാനാകൂ. ബാങ്ക് അക്കൗണ്ടിൽ ഓരോ മാസവും നേരിട്ടു ലഭിക്കുന്ന 1000 രൂപ ചെലവാക്കാനും നിയന്ത്രണങ്ങളുണ്ട്. കേന്ദ്രവും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുമായി (സിബിഡിസി) ബന്ധപ്പെടുത്തിയ വോലറ്റിലാണ് 1000 രൂപ ലഭിക്കുക. ഈ പണം ഉപയോഗിച്ച് മദ്യം, പുകയില ഉൽപന്നങ്ങൾ, മറ്റ് ലഹരിപദാർഥങ്ങൾ എന്നിവ വാങ്ങാനാവില്ല.





