തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിൽ ജീവനൊടുക്കാൻ വയോധികന്റെ ശ്രമം. കാട്ടായിക്കോണം സ്വദേശി സുബ്രഹ്മണ്യനാണ് പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്. വീടിന്റെ ആധാരം ഉൾപ്പെടെ അയൽവാസിയായ സ്ത്രീ തട്ടിയെടുത്തെന്ന നോട്ടിസ് സുബ്രഹ്മണ്യൻ വിതരണം ചെയ്തിരുന്നു. ആധാരം കൈക്കലാക്കി ബാങ്കിൽ പണയം വച്ച് പണമെടുത്തുവെന്നും തിരിച്ചടയ്ക്കാൻ കൂട്ടാക്കുന്നില്ലെന്നുമാണ് പരാതി. 12 ലക്ഷം രൂപ ബാധ്യതയുണ്ടെന്നും ആധാരം കഴക്കൂട്ടം സഹകരണബാങ്കിന്റെ കയ്യിലാണെന്നും നോട്ടിസിലുണ്ട്.
ഒരു കന്നാസിൽ പെട്രോളും വാങ്ങിയെത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. സമീപത്തുകൂടി പോയ ഒരു സ്ത്രീയാണ് തടഞ്ഞ് പൊലീസിനെ അറിയിച്ചത്. പെട്രോൾ ശരീരത്തിൽ ഒഴിച്ച ശേഷം ലൈറ്റർ കത്തിക്കാനാണ് വയോധികൻ ശ്രമിച്ചതെന്ന് സ്ത്രീ പറഞ്ഞു. പെട്ടെന്ന് പൊലീസുകാർ ഓടിയെത്തി ലൈറ്റർ പിടിച്ചെടുക്കുകയായിരുന്നു.





