തൊടുപുഴ: അടിമാലി ഇരുമ്പുപാലത്ത് യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് അനാദരവ് കാട്ടിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ വണ്ടമറ്റം പടിക്കുഴയിൽ ഗിരോഷിനെയാണ് (39) തൊടുപുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി സനു എസ്. പണിക്കർ ശിക്ഷിച്ചത്. അടിമാലി ഇരുമ്പുപാലം പതിനാലാം മൈൽ ചരുവിള പുത്തൻവീട്ടിൽ സിയാദിന്റെ ഭാര്യ സെലീനയെ (38) കൊലപ്പെടുത്തിയ കേസിലാണ് എട്ടുവർഷത്തിനുശേഷം നിർണായക വിധി ഉണ്ടായിരിക്കുന്നത്. കൊലപാതകം, വീട്ടിൽ അതിക്രമിച്ചുകയറൽ, കവർച്ച എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.
2017 ഒക്ടോബർ 10-നായിരുന്നു സംഭവം നടന്നത്. മുൻവൈരാഗ്യവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കണ്ടെത്തി. 2015-ൽ മാങ്കുളത്തുണ്ടായ ഒരു സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഗിരോഷിന്റെ വിവാഹം നടത്തുന്നതിൽ പൊതുപ്രവർത്തക കൂടിയായിരുന്ന സെലീന ഇടപെട്ടിരുന്നു. കൂടാതെ, ഗിരോഷിന്റെ പേരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ സെലീന തിരിച്ചടയ്ക്കാത്തതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ഗിരോഷ് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സെലീന നൽകിയില്ല. ഇതോടെയാണ് സെലീനയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്.
സംഭവദിവസം ഉച്ചയോടെ ബൈക്കിൽ സെലീനയുടെ വീട്ടിലെത്തിയ ഗിരോഷ് കൈവശമുണ്ടായിരുന്ന കഠാര ഉപയോഗിച്ച് കഴുത്തിൽ നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തുനിന്ന് മടങ്ങിയ പ്രതി വൈകീട്ട് മൂന്നുമണിയോടെ വീണ്ടുമെത്തി മൃതദേഹത്തിന്റെ ഇടതുമാറിടം മുറിച്ചുമാറ്റി ബാഗിലാക്കി തൊടുപുഴയിലെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകീട്ട് 7.45-ഓടെ കച്ചവടം കഴിഞ്ഞെത്തിയ ഭർത്താവ് സിയാദാണ് വീടിന്റെ പിൻമുറ്റത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ സെലീനയുടെ മൃതദേഹം ആദ്യം കണ്ടത്.
അടിമാലി സി.ഐ.യായിരുന്ന പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. പത്തുദിവസത്തെ അവധിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പി.കെ. സാബു കൊലപാതക വിവരം അറിഞ്ഞയുടൻ അവധി റദ്ദാക്കി സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. സെലീനയുടെ വീടിന് സമീപമുള്ള സ്പൈസസ് സ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. സംഭവദിവസം രണ്ടുതവണ പ്രതി ബൈക്കിൽ സെലീനയുടെ വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ദൃശ്യങ്ങളിലെ ശരീരഭാഷയിൽ നിന്ന് ഭർത്താവ് സിയാദ് പ്രതിയെ തിരിച്ചറിഞ്ഞതോടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുലർച്ചെയോടെ പടിഞ്ഞാറേ കോടിക്കുളത്തുനിന്ന് ഗിരോഷിനെ കസ്റ്റഡിയിലെടുത്തു.
പ്രതിയുടെ ചെരിപ്പിനടിയിൽ നിന്ന് ലഭിച്ച മണ്ണും സെലീനയുടെ വീടിന്റെ പരിസരത്തുനിന്ന് ശേഖരിച്ച മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ രണ്ടും ഒന്നാണെന്ന് തെളിഞ്ഞത് കേസിൽ പ്രധാന ശാസ്ത്രീയ തെളിവായി മാറി. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 34 സാക്ഷികളെ വിസ്തരിക്കുകയും 41 പ്രമാണങ്ങളും 15 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. നിലവിൽ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പി.കെ. സാബു.





