ദുബൈ: പുതുവര്‍ഷം ആഘോഷിക്കാന്‍ ലോകമെമ്പാടുമുള്ള ആളുകള്‍ എത്തുന്ന ഏറ്റവും പ്രശസ്തമായ ഇടങ്ങളിലൊന്നാണ് ബുര്‍ജ് ഖലീഫ. കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും കാണാന്‍ നിവധി പേരാണ് ദുബൈയിലേക്ക് എത്തുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളെയാണ് ഈ ഗംഭീര കാഴ്ച ആകര്‍ഷിക്കുന്നത്. 2027നെ വരവേല്‍ക്കാന്‍ ബുര്‍ജ് ഖലീഫയിലെ കാഴ്ചകള്‍ കാണാന്‍ ഇത്തവണയും നിരവധി വിനോദസഞ്ചാരികള്‍ ഒഴുകും.
2027നെ വരവേല്‍ക്കാന്‍ ദുബൈ ഒരുങ്ങുമ്പോള്‍ ഡൗണ്‍ടൗണ്‍ ദുബൈയിലെ ഹോട്ടല്‍ മുറികളുടെയും ആഡംബര അപ്പാര്‍ട്ട്മെന്റുകളുടെയും നിരക്കുകള്‍ കുത്തനെ കൂടി. ബുര്‍ജ് ഖലീഫയ്ക്ക് സമീപമുള്ള താമസസ്ഥലങ്ങള്‍ക്ക് ഒരു രാത്രിക്ക് ഒരു ലക്ഷം ദിര്‍ഹത്തിന് മുകളിലാണ് നിരക്ക് ഈടാക്കുന്നത്.
ബുര്‍ജ് ഖലീഫ നേരിട്ട് കാണാവുന്ന, ഇന്‍ഫിനിറ്റി പൂളോട് കൂടിയ ഒരു ആഡംബര ത്രീ-ബെഡ്റൂം അപ്പാര്‍ട്ട്‌മെന്റ്, നികുതികള്‍ ഉള്‍പ്പെടെ ഏകദേശം 107,000 ദിര്‍ഹം നിരക്കില്‍ ‘ബുക്കിംഗ് ഡോട്ട് കോം’ സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഡൗണ്‍ടൗണിന് സമീപമുള്ള മറ്റ് താമസസ്ഥലങ്ങള്‍ നിരക്കുകള്‍ പത്തിരട്ടി വരെ വര്‍ദ്ധിപ്പിക്കുകയോ, കുറഞ്ഞത് ഇത്ര ദിവസങ്ങള്‍ താമസിക്കണം എന്ന നിബന്ധന ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
ഒരു ബെഡ്റൂമുള്ള മറ്റൊരു ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കണമെങ്കില്‍ കുറഞ്ഞത് മൂന്ന് രാത്രികളെങ്കിലും ബുക്ക് ചെയ്യണം. ഇതിനായി ആകെ 283,500 ദിര്‍ഹം ചെലവാകും, അതായത് ഒരു രാത്രിക്ക് ഏകദേശം 94,500 ദിര്‍ഹം. നവംബറില്‍ ഒരു രാത്രിക്ക് ഏകദേശം 3,000 ദിര്‍ഹം നിരക്കുള്ള, ദുബൈ ഓപ്പറയ്ക്ക് സമീപമുള്ള ഒരു ടു-ബെഡ്റൂം അപ്പാര്‍ട്ട്‌മെന്റിന്, പുതുവത്സര രാവില്‍ 35,000 ദിര്‍ഹമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
‘അര്‍മാനി ദുബൈ’ പോലുള്ള ഹോട്ടലുകള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുന്നതിനാല്‍, പുതുവത്സര ആഘോഷ വേളയില്‍ ഇവ ബുക്കിങ്ങിന് ലഭ്യമായിരിക്കില്ല. ദുബൈയില്‍ 40-ഓളം കേന്ദ്രങ്ങളില്‍ വെടിക്കെട്ട് നടക്കുന്നുണ്ടെങ്കിലും, പുതുവത്സര ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം ബുര്‍ജ് ഖലീഫ തന്നെയാണ്. കഴിഞ്ഞ വര്‍ഷം, രാത്രി 8 മണിക്ക് ആരംഭിച്ച് അര്‍ദ്ധരാത്രിയിലെ പ്രധാന വെടിക്കെട്ടോടെ അവസാനിക്കുന്ന രീതിയില്‍ അഞ്ച് ഘട്ടങ്ങളിലായാണ് ആഘോഷങ്ങള്‍ നടന്നത്. ഡൗണ്‍ടൗണ്‍ പ്രദേശത്ത് താമസിക്കാന്‍ വലിയ തുക മുടക്കുന്ന ഭൂരിഭാഗം പേരും, ഈ വിസ്മയ കാഴ്ചകള്‍ തങ്ങളുടെ താമസസ്ഥലത്ത് നിന്ന് നേരിട്ട് കാണാനാണ് എത്തുന്നത്.






