അബുദാബി∙ റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ (ആർഎഫ്) കായികമാമാങ്കത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യുഎഫ്സി താരങ്ങൾ ഹോട്ടലിന്റെ പ്രവേശന കവാടത്തിൽ ഏറ്റുമുട്ടി. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ താരങ്ങളും ഒപ്പമുണ്ടായിരുന്നവരും ഉൾപ്പെടെ എട്ടുപേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവം മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പത്തുപേർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുകയും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. മുൻപുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് ഹോട്ടൽ പ്രവേശന കവാടത്തിൽ സംഘർഷമുണ്ടായത്.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പ്രത്യേക പൊലീസ് സംഘം അക്രമത്തിൽ ഏർപ്പെട്ടവരെയും ദൃശ്യങ്ങൾ പകർത്തിയവരെയും പിടികൂടുകയായിരുന്നു. പ്രമുഖ യുഎഫ്സി പോരാളികളായ മെറാബ് ദ്വാലിഷ്വിലിയും ഉസ്മാൻ നൂർമഗോമദോവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച ബ്രസീലിയൻ താരം മാർലോൺ മൊറേസിനെതിരെ മത്സരരംഗത്തിറങ്ങാനാണ് ദ്വാലിഷ്വിലി അബുദാബിയിലെത്തിയത്. ഉമർ നൂർമഗോമദോവിനെ പിന്തുണയ്ക്കാനാണ് സഹോദരൻ ഉസ്മാൻ നൂർമഗോമദോവ് എത്തിയത്.
ഉസ്മാൻ നൂർമഗോമദോവും സംഘവും പുറകിലൂടെയെത്തി സംസാരിച്ച ശേഷം പെട്ടെന്ന് മുഖത്തടിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ ദ്വാലിഷ്വിലി പറഞ്ഞു. മുഖത്ത് രക്തം ഒലിക്കുന്ന നിലയിൽ ആശുപത്രിയിൽ ചിത്രീകരിച്ച വിഡിയോയിൽ ഉസ്മാന്റെ സംഘം ചതിയിലൂടെയാണ് അക്രമിച്ചതെന്നും യഥാർഥ പോരാളികൾക്ക് ചേർന്ന രീതിയിലല്ല ഇവർ പെരുമാറിയതെന്നും ദ്വാലിഷ്വിലി പരാതിപ്പെട്ടു.
പോരാടാൻ ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരണമെന്നും താരം വെല്ലുവിളിച്ചു. കായിക താരങ്ങളാണെങ്കിലും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നവർക്കെതിരെയും ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും ശക്തമായ നടപടി തുടരുമെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും ഉത്തരവാദിത്തമുള്ള പെരുമാറ്റം കാഴ്ചവയ്ക്കണമെന്നും പൊലീസ് ഓർമിപ്പിച്ചു.






