വാഷിങ്ടണ്‍: ലോകവ്യാപകമായി മൈക്രോസോഫ്റ്റ് സേവനങ്ങള്‍ പണിമുടക്കി. മൈക്രോസോഫ്റ്റ് 365, ഔട്ട്ലുക്ക്, ടീംസ് തുടങ്ങി മൈക്രോസോഫ്റ്റിന്റെ നിരവധി ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിട്ട് 11 മണികൂറിലേറെയായി. സേവനങ്ങള്‍ ഇപ്പോഴും സാധാരന നിലയിലേക്ക് വന്നിട്ടില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ച പ്രാഥമിക നടപടികള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ‘സേവന ലഭ്യത മെച്ചപ്പെടുത്തുന്നതിനായി വരുത്തിയ മാറ്റങ്ങള്‍ നിരീക്ഷിച്ചുവെന്നും, എന്നാല്‍ അവ പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കമ്പനി എക്‌സ് പോസ്റ്റില്‍ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ്.
മൈക്രോസോഫ്റ്റ് 365 കണക്റ്ററുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ, ആന്ത്രോപിക് എന്നിവയുടെ എഐ സേവനങ്ങളെയും തകരാര്‍ ബാധിച്ചു. ആയിരക്കണക്കിന് പേര്‍ ടീംസ്, മൈക്രോസോഫ്റ്റിന്റെ എഐ അസിസ്റ്റന്റായ കോപൈലറ്റ് മറ്റ് മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകള്‍ എന്നിവയിലെ തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇമെയില്‍, ജോലിസ്ഥലത്തെ ആശയവിനിമയം, ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ എന്നിവയെ തടസ്സം ബാധിച്ചുതായി ഔട്ടേജ് ട്രാക്കറായ ഡൗണ്‍ഡിറ്റക്ടര്‍ വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള 1,38,058 ഉപയോക്താക്കളെയെങ്കിലും ഈ തടസം ബാധിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പുലര്‍ച്ചെ 4:30-ഓടെ ഇത് ഏകദേശം 34,490 ആയി കുറഞ്ഞു.
സെര്‍വറുകളില്‍ സുരക്ഷിതമായ കണക്ഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലെ പ്രശ്‌നങ്ങളാണ് തടസ്സത്തിന് പ്രധാന കാരണമെന്ന് മൈക്രോസോഫ്റ്റ് അന്വേഷണത്തില്‍ കണ്ടെത്തി. അമിത ലോഡ് വന്നതോടെ, സെര്‍വറുകള്‍ക്ക് ഉപയോക്താക്കളുടെ അഭ്യര്‍ത്ഥനകള്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. ഓട്ടോമേറ്റഡ് ഹെല്‍ത്ത് ചെക്കുകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരവധി സെര്‍വറുകള്‍ അപ്രതീക്ഷിതമായി ലഭ്യമല്ലാതായെന്നും, അത് ശേഷിക്കുന്ന ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് കൂടുതല്‍ ട്രാഫിക് ഭാരം നല്‍കിയെന്നും കമ്പനി വ്യക്തമാക്കി. സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനൊപ്പം, സിസ്റ്റങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും ലോഡ് കുറയ്ക്കുന്നതിനുമായി ‘വെര്‍ച്വല്‍ മെഷീനുകള്‍’ വിപുലീകരിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.





