ദുബായ്∙ വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര ട്രാഫിക് നിയമങ്ങൾ 2027 ജനുവരി ഒന്നു മുതൽ കൂടുതൽ കർശനമാകുന്നു. കുട്ടികളുടെ പ്രായം, ഉയരം, കാർ സീറ്റുകൾ ക്രമീകരിക്കേണ്ട രീതി എന്നിവ സംബന്ധിച്ച് യുഎഇയിലെ മാതാപിതാക്കൾ കൃത്യമായ ധാരണ പുലർത്തേണ്ടതുണ്ടെന്നു അധികൃതർ വ്യക്തമാക്കുന്നു.
വാഹനാപകടങ്ങളിൽ കുട്ടികൾക്കു ജീവഹാനി സംഭവിക്കാനുള്ള സാധ്യത 71 ശതമാനം വരെയും പരുക്കേൽക്കാനുള്ള സാധ്യത 82 ശതമാനം വരെയും കുറയ്ക്കാൻ കൃത്യമായ സുരക്ഷാ സീറ്റുകൾ സഹായിക്കുമെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ നാലു വയസ്സുവരെയുള്ള കുട്ടികളുള്ള മാതാപിതാക്കളിൽ 28 ശതമാനം പേരും ഇപ്പോഴും ഇത്തരം സീറ്റുകൾ ഉപയോഗിക്കുന്നില്ലെന്നു സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
നിയമപ്രകാരം അറിയേണ്ട കാര്യങ്ങൾ
നാലു വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കു കാർ സീറ്റുകൾ നിർബന്ധമാണ്. ഇവ വാഹനത്തിന്റെ പിൻസീറ്റിൽ വേണം ഉറപ്പിക്കാൻ. കുട്ടിയുടെ ഭാരത്തിനും ഉയരത്തിനും അനുയോജ്യമായതും യുഎഇ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായിരിക്കണം സീറ്റുകൾ.
മുൻസീറ്റിൽ എന്ന് അനുവദിക്കും?
രണ്ടു പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണു നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു മുന്നിൽ സീറ്റ് അനുവദിക്കുന്നത്. വൈദ്യശാസ്ത്രപരമായ കാരണങ്ങൾ: കുട്ടിയുടെ ആരോഗ്യസ്ഥിതി മൂലം കാർ സീറ്റ് ഉപയോഗിക്കാൻ സാധിക്കില്ലെന്നു യുഎഇ ആരോഗ്യ അധികൃതർ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഇളവ് ലഭിക്കും. എന്നാൽ ഈ സമയം കുട്ടിക്കൊപ്പം മുതിർന്നൊരാൾ പിൻസീറ്റിൽ ഉണ്ടായിരിക്കണം.
പിൻസീറ്റുകൾ ഇല്ലാത്ത വാഹനങ്ങൾ: പിൻസീറ്റുകളില്ലാത്ത വാഹനങ്ങളിൽ കുട്ടിയിരിക്കുന്ന സീറ്റ് പുറകോട്ടു തിരിച്ചു (റിവേഴ്സ് ഫേസിങ്) ഉറപ്പിക്കണം. ഒപ്പം മുന്നിലെ പാസഞ്ചർ എയർബാഗ് നിർവീര്യമാക്കുകയും (ഡീആക്ടിവേറ്റ്) വേണം.
മുൻസീറ്റിൽ ഇരുത്താനുള്ള പ്രായപരിധി
2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം താഴെ പറയുന്ന ഏതെങ്കിലും ഒരു നിബന്ധന പാലിച്ചാൽ കുട്ടികൾക്കു മുൻസീറ്റിൽ ഇരിക്കാം:
∙ കുട്ടിക്കു 10 വയസ്സിൽ കൂടുതൽ ഉണ്ടായിരിക്കണം.
∙ അല്ലെങ്കിൽ കുറഞ്ഞത് 145 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
രണ്ടു നിബന്ധനകളും ഒരേസമയം പാലിക്കണമെന്നു നിർബന്ധമില്ല. ഉദാഹരണത്തിന്, ഒൻപതു വയസ്സുള്ള കുട്ടിക്കു 145 സെന്റീമീറ്റർ ഉയരമുണ്ടെങ്കിൽ മുൻസീറ്റിൽ ഇരിക്കാൻ അനുമതിയുണ്ട്.
ഏതു സീറ്റാണ് തിരഞ്ഞെടുക്കേണ്ടത്?
∙ റിയർ ഫേസിങ് സീറ്റുകൾ: നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ വാഹനം ഓടുന്ന ദിശയ്ക്കു എതിർവശത്തേക്ക് അഭിമുഖമായി (റിയർ ഫേസിങ്) ഇരുത്തുന്ന സീറ്റുകളിലാണു യാത്ര ചെയ്യിക്കേണ്ടത്.
∙ ഫോർവേഡ് ഫേസിങ് സീറ്റുകൾ: നിർമാതാക്കൾ നിർദേശിക്കുന്ന ഉയരവും ഭാരവും എത്തുമ്പോൾ മുൻപോട്ടു തിരിഞ്ഞിരിക്കുന്ന (ഫോർവേഡ് ഫേസിങ്) സീറ്റുകളിലേക്കു മാറ്റാം. 9 മുതൽ 18 കിലോ വരെ ഭാരമുള്ള കുട്ടികൾക്ക് ഇവ അനുയോജ്യമാണ്.
∙ ബൂസ്റ്റർ സീറ്റുകൾ: 5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്കു സീറ്റ് ബെൽറ്റ് കഴുത്തിന് കുറുകെയല്ലാതെ കൃത്യമായ രീതിയിൽ അണിയാൻ ബൂസ്റ്റർ സീറ്റുകൾ ഉപയോഗിക്കാം.
മറ്റു സുരക്ഷാ നിർദേശങ്ങൾ
∙ ചൈൽഡ് സേഫ്റ്റി ലോക്കുകൾ ഉപയോഗിക്കുക: യാത്രയ്ക്കിടെ കുട്ടികൾ വാതിലുകളോ ജനലുകളോ തുറക്കുന്നത് ഒഴിവാക്കാൻ സേഫ്റ്റി ലോക്കുകൾ നിർബന്ധമായും പ്രവർത്തിപ്പിക്കണം.
∙ ക്യാബിനിലെ സാധനങ്ങൾ സുരക്ഷിതമാക്കുക: പെട്ടെന്നു ബ്രേക്ക് ചെയ്യുമ്പോൾ തെറിച്ചുവീണു അപകടമുണ്ടാക്കാൻ സാധ്യതയുള്ള സാധനങ്ങൾ കാറിനുള്ളിൽ തുറസ്സായി വയ്ക്കരുത്.
∙ കുട്ടികളെ ഒറ്റയ്ക്കു വാഹനത്തിൽ ഇരുത്തരുത്: വാഹനം നിർത്തിയിട്ടു പുറത്തുപോകുമ്പോൾ കുട്ടികളെ അകത്ത് ഒറ്റയ്ക്കാക്കരുത്. ജനലുകൾ അൽപം താഴ്ത്തിയിട്ടാലും മിനിറ്റുകൾക്കുള്ളിൽ വാഹനത്തിനുള്ളിൽ താപനില ഉയരുകയും കുട്ടികൾക്ക് നിർജലീകരണമോ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുകയും ചെയ്യാം.





