ഒറ്റപ്പാലം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഭീകരപ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടത്തിന് ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവ് ഒറ്റപ്പാലത്തുനിന്ന് അറസ്റ്റിലായി. ഒറ്റപ്പാലം തൃക്കങ്ങോട്ടുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി ഗുരുമൂർത്തിയാണ് (27) പിടിയിലായത്.
തൃശൂർ അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക സംഘം എത്തിയാണ് കഴിഞ്ഞദിവസം പുലർച്ചെ യുവാവിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. തൃശൂർ റേഞ്ച് പരിധിയിൽ രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. കുറ്റകൃത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഭീകരപ്രവർത്തനം ആസൂത്രണം ചെയ്യുകയോ അതിനായി ഗൂഢാലോചന നടത്തുകയോ സഹായിക്കുകയോ ചെയ്താൽ ചുമത്തുന്ന യുഎപിഎ സെക്ഷൻ 18 ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അസിസ്റ്റന്റ് കമ്മീഷണർ ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. യുവാവ് താമസിച്ചിരുന്ന മനശ്ശീരിലെ മുറിയിൽ ഉൾപ്പെടെ എത്തി വിവരങ്ങൾ ശേഖരിച്ച ശേഷമാണ് സംഘം മടങ്ങിയത്. പ്രതിയുമായി തെളിവെടുപ്പ് പിന്നീട് ഉണ്ടാകുമെന്നാണ് സൂചന.





