മുംബൈ∙ ബോളിവുഡ് നടി സൊനാക്ഷി സിൻഹയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ മുംബൈ കോടതി വിട്ടയച്ചു. ആര്യൻ ദീപക് ജെയിനിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാന്ദ്ര മജിസ്ട്രേട്ട് കോടതി ഇയാളെ വിട്ടയച്ചത്.
ശനിയാഴ്ച രാവിലെ 10.11-ഓടെ ഡൽഹിയിലെ ഷഹ്ദാരയിലുള്ള ജഗത്പുരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ആര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിമാനമാർഗം ആര്യനെ മുംബൈയിലെത്തിച്ച് ബാന്ദ്ര മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. എന്നാൽ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.
ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ മറ്റൊരു സംസ്ഥാനത്തേയ്ക്ക് കൊണ്ടുപോകുന്നതിന് മുൻപ് അറസ്റ്റ് ചെയ്ത സ്ഥലത്തെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയില്ലെന്നും പൊലീസ് നടപടിക്രമം പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ നടപടി ഒഴിവാക്കിയതിന് തൃപ്തികരമായ കാരണം ബോധിപ്പിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.
അന്വേഷണത്തിനായി പ്രതിയെ മൂന്നു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നായിരുന്നു ബാന്ദ്ര പൊലീസിന്റെ ആവശ്യം. എന്നാൽ പ്രതിഭാഗം അഭിഭാഷകരായ അമൻ ഷാഹി, പ്രശാന്ത് ത്രിവേദി, ആദിത്യ ജെയിൻ എന്നിവർ കസ്റ്റഡി അപേക്ഷയെ ശക്തമായി എതിർത്തു. അറസ്റ്റിന്റെ കാരണങ്ങൾ വ്യക്തമാക്കുകയോ നോട്ടിസ് നൽകുകയോ ചെയ്യാതെയാണ് പൊലീസ് നടപടിയെടുത്തതെന്നും ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെയും നിയമപരിരക്ഷകളുടെയും ലംഘനമാണെന്നും അവർ വാദിച്ചു. പ്രാദേശിക മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കാതെയാണ് പ്രതിയെ മുംബൈയിലേക്ക് കൊണ്ടുവന്നതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
പരാതിക്കാരി പ്രമുഖ വ്യക്തിയായതുകൊണ്ട് പൊലീസ് അസാധാരണമായ തിടുക്കം കാട്ടിയെന്നും പ്രതിഭാഗം ആരോപിച്ചു. താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ചുമത്തപ്പെട്ട വകുപ്പുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്നും ജെയിൻ കോടതിയിൽ ബോധിപ്പിച്ചു. ശേഷം, ചുമത്തപ്പെട്ട കുറ്റങ്ങൾക്ക് ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്ന് കോടതി വ്യക്തമാക്കി. തുടരന്വേഷണം ആവശ്യമാണ് എന്ന കാരണം കൊണ്ടുമാത്രം ഒരു അറസ്റ്റിനെ ന്യായീകരിക്കാനാവില്ലെന്നും കോടതി ഓർമിപ്പിച്ചു.





