ലക്നൗ∙ പൊലീസ് സബ് ഇൻസ്പെക്ടറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം. സന്ത് കബീർ നഗർ സ്വദേശി സന്ദീപ് കുമാർ (28) ആണ് മരിച്ചത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് യുവതി ഇയാളെ നിരന്തരം സമ്മർദം ചെലുത്തിയിരുന്നെന്നും പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. ബല്ലിയയിലെ ചിത്ബരഗാവ് പൊലീസ് സ്റ്റേഷനിലാണ് സന്ദീപ് 11 മാസമായി ജോലി ചെയ്യുന്നത്.
ശനിയാഴ്ച രാത്രിയാണ് റെയിൽവേ ട്രാക്കില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പൊലീസ് റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ട ബൈക്ക് കണ്ടെത്തി. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സന്ദീപ് കുമാറാണെന്ന് തിരിച്ചറിഞ്ഞത്.
സിക്കന്ദർപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു യുവതിയുമായി സന്ദീപ് പ്രണയത്തിലായിരുന്നു. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് യുവതി സന്ദീപിനുമേൽ നിരന്തരം സമ്മർദം ചെലുത്തുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തിരുന്നതായി ആരോപണമുണ്ട്. രണ്ടു വർഷം മുമ്പ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതേ യുവതി പീഡന പരാതി നൽകിയിരുന്നെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.





