സോൾ∙ ടാക്സ് അക്കൗണ്ട് പരീക്ഷയിൽ എഐ ഉപയോഗിച്ചാണ് ഉത്തരങ്ങൾ എഴുതിയതെന്ന് ഒന്നാം റാങ്കുകാരനായ യുവാവ്. കോളജ് പ്രവേശനത്തിനായി ദക്ഷിണ കൊറിയയിൽ നടത്തിയ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏപ്രിൽ, ജൂലൈ മാസങ്ങളിൽ രണ്ടു ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ ഏതാണ്ട് മുഴുവൻ മാർക്കും ഹാൻ എന്ന യുവാവ് നേടിയിരുന്നു. ഇതോടെ യുവാവിന് എങ്ങനെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതാനായി എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സംഭവം വലിയ ചർച്ചയായതിന് പിന്നാലെയാണ് ഒന്നാം റാങ്കുകാരൻ തന്നെ താൻ പരീക്ഷയെഴുതാൻ എഐ സഹായം തേടിയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്.
‘‘ഇലക്ട്രോണിക് ഉപകരണങ്ങളും ജനറേറ്റീവ് എഐയും ഉപയോഗിച്ചാണ് ഞാൻ കോപ്പിയടിച്ചത്. ഈ ഒന്നാം റാങ്ക് എന്റെ കഠിനാധ്വാനത്തിന്റെ ഫലമല്ല’’– അറ്റോർണി ലീ ഡോൺ-ഹോ എന്ന യുട്യൂബ് ചാനലിലൂടെ ഹാന്‍ പറഞ്ഞു. മൈക്രോ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ചിത്രങ്ങളെടുത്ത് എഐ ടൂളിലേക്ക് അയക്കുകയും തുടർന്ന് സ്മാർട് ഫോണിലൂടെ ഉത്തരങ്ങൾ നോക്കി എഴുതുകയുമായിരുന്നുവെന്ന് ഹാൻ വ്യക്തമാക്കി. മുഖംമൂടി ധരിച്ച് ക്യാമറയ്ക്ക് മുന്നിലെത്തിയ ഹാൻ സംഭവത്തെ പറ്റി പൊലീസിനെ അറിയിച്ചെന്നും വ്യക്തമാക്കി.
അതീവഗൗരവത്തോടെയാണ് വിഷയം സർക്കാർ കാണുന്നതെന്ന് അധികൃതർ അറിയിച്ചു. ടാക്സ് അക്കൗണ്ടന്റ് പരീക്ഷയിൽ തിരിമറി നടന്നുവെന്ന റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്നും കോളജ് പ്രവേശന പരീക്ഷ തികച്ചും സുതാര്യവും സുരക്ഷിതവുമായി നടത്താൻ സർക്കാർ സമഗ്രമായ മുന്നൊരുക്കങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി ഹാൻ സോങ് സൂക്കിന്റെ ഓഫിസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.






