കൊച്ചി ∙ അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ മള്ളൂർശേരി ഗവൺമെന്റ് എൽ.പി സ്കൂളിൽ മേൽക്കൂരയുടെ ചില്ലുപാളികൾ തകർന്നു വീണു. രാവിലെ 9.50ന് അസംബ്ലി ചേരുന്നതിനു തൊട്ടുമുമ്പായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മുകളിൽ സ്ഥാപിച്ചിരുന്ന ചില്ല് മേൽക്കൂര (റൂഫിങ്) പൂർണമായി അടർന്നു വീഴുകയായിരുന്നു. കൃത്യം 10 മണിക്ക് സ്കൂൾ അസംബ്ലിയിൽ എൽപി സ്കൂളിലെ കുട്ടികൾ നിൽക്കേണ്ടിയിരുന്ന സ്ഥലത്തിനു തൊട്ടുമുകളിലായിരുന്നു അപകടം. മുകളിൽ നിന്നുള്ള മഴവെള്ളം കുട്ടികൾ നിൽക്കുന്ന സ്ഥലത്തും പടിയിലും വീഴാതിരിക്കാൻ സ്ഥാപിച്ചിരുന്നതായിരുന്നു ചില്ല് റൂഫ്. കുട്ടികൾ അസംബ്ലിക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് സംഭവിച്ചതുകൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
സ്കൂളിന്റെ മുൻവശത്തെ വരാന്തയിൽ എംപി ഫണ്ട് ഉപയോഗിച്ച് അലുമിനിയം ഫ്രെയിമും ഗ്ലാസും ഉപയോഗിച്ച് ഒന്നര മാസം മുമ്പ് നിർമിച്ച സൺഷെയ്ഡാണ് തകർന്നു വീണത്. സൺഷെയ്ഡിന് അപാകതയുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. സ്കൂളിൽ നിന്ന് വിളിച്ചതിനു പിന്നാലെ പഞ്ചായത്ത് ആറാം വാർഡ് മെംബർ മേരി റാഫേൽ പരിശോധന നടത്തുന്നതിനിടെയാണ് സൺഷെയ്‍ഡ് പൊളിഞ്ഞു വീണത്. തലയ്ക്ക് പരുക്കേറ്റ മെംബറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസംബ്ലി ആരംഭിച്ചിട്ടില്ലാത്തതിനാൽ കുറച്ചു കുട്ടികൾ മാത്രമാണ് ഈ സമയം അവിടെയുണ്ടായിരുന്നത്. ഇതിൽ അഞ്ചു കുട്ടികളുടെ ശരീരത്തിലേക്ക് ചെറിയ ചില്ലുകഷ്ണങ്ങൾ തെറിച്ചുവീണ് നിസാര പരുക്കേറ്റു. ഇവർക്ക് അടിയന്തര പ്രഥമ ശുശ്രൂഷ നൽകി.
ചില്ല് റൂഫിന്റെ നിർമാണ സമയം മുതൽ പലവിധ അപാകതകൾ ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഗ്ലാസുകൾ സ്ഥാപിച്ചതിൽ കൃത്യമായ താങ്ങോ സുരക്ഷാ സംവിധാനങ്ങളോ നൽകിയിരുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പരാതികൾ ശക്തമായതിനെ തുടർന്നാണ് പഞ്ചായത്ത് മെംബർമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. നിർമാണത്തിലെ അപാകതയാണോ അതോ കാലപ്പഴക്കം കൊണ്ട് കാലുകൾ ദ്രവിച്ചുപോയതാണോ അപകടകാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാറക്കടവ് ബ്ലോക്ക് എൻജിനീയറിങ് വിഭാഗത്തിലെ കോൺട്രാക്ടറായ ജിസ്മോൻ, നിർമാണത്തിന് മേൽനോട്ടം വഹിച്ച എൻജിനീയർ എന്നിവരുടെ അനാസ്ഥയും ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്ന പരാതിയിലാണ് നടപടി. ബിഎൻഎസ് സെക്ഷൻ 125, 125(എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് പൊലീസും റവന്യൂ അധികൃതരും എത്തി പരിശോധന നടത്തി.




