തിരുവനന്തപുരം ∙ ചാല സ്വര്‍ണക്കവര്‍ച്ച കേസില്‍ ആസൂത്രകന്‍ എന്നു സംശയിക്കുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിനെ പൊലീസ് ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. അറസ്റ്റിലായ മറ്റു പ്രതികളില്‍നിന്നു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണു പൊലീസ്. ആസൂത്രകന്‍ ജയറാമാണെന്ന് മറ്റു പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും തനിക്കു മോഷണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജയറാം. ഫോണ്‍, ബാങ്ക് രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ആസൂത്രകരും പ്രതികളും തമ്മിലുള്ള പണമിടപാടുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കവര്‍ച്ചയുടെ ഗൂഢാലോചന നടന്നത് പനവിളയിലെ ആഡംബര ഹോട്ടലിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒരു മാസം മുന്‍പാണ് കവര്‍ച്ചയ്ക്കുള്ള ഗൂഢാലോചന ആരംഭിച്ചത്. ഹോട്ടലില്‍ നടന്ന യോഗത്തില്‍ ജയറാം, അമോല്‍, ദിലീപ്, അനൂപ് എന്നിവര്‍ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കവര്‍ച്ചയുടെ പ്രധാന ആസൂത്രകന്‍ ജയറാമാണെന്ന് കൂട്ടുപ്രതികളായ അനൂപും അമൂലും പൊലീസിനു മൊഴി നല്‍കി. എല്ലാം ചെയ്തത് ജയറാമിന്റെ നിര്‍ദേശപ്രകാരമാണെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ, അനിലിന് ബാങ്ക് വഴി നാല് ലക്ഷം രൂപ കൈമാറിയതിന്റെ നിര്‍ണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. എന്നാല്‍ തനിക്ക് കവര്‍ച്ചയില്‍ പങ്കില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജയറാം.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ വയനാട്ടില്‍ കീഴടങ്ങിയ ശ്രാവണിനെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ച പ്രതികളില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ട ബാക്കി സ്വർണം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. പൊലീസ് പിടിച്ചെടുത്ത അത്രയും സ്വര്‍ണം മാത്രമേ തങ്ങള്‍ കവര്‍ന്നിട്ടുള്ളൂ എന്നും രണ്ട് കിലോ സ്വര്‍ണം ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതികള്‍ പറയുന്നത്. എന്നാല്‍ കര്‍ണാടകയിലേക്കുള്ള യാത്രയ്ക്കിടെ പ്രതികള്‍ സ്വര്‍ണം വിദഗ്ധമായി ഒളിപ്പിച്ചുവെന്നാണു പൊലീസ് കരുതുന്നത്. കണക്കില്‍പ്പെടാത്ത സ്വര്‍ണമായതിനാല്‍ പരാതിക്കാരനായ നന്ദകുമാര്‍ പൊലീസിനെ സമീപിക്കില്ലെന്നായിരുന്നു തങ്ങളുടെ കണക്കുകൂട്ടലെന്ന് പ്രതികള്‍ പറഞ്ഞു. എന്നാല്‍, കവര്‍ച്ച നടന്ന രാത്രി തന്നെ വെപ്രാളത്തില്‍ നന്ദകുമാര്‍ പൊലീസിനോട് വിവരങ്ങള്‍ വെളിപ്പെടുത്തിയത് പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. നന്ദകുമാറിന്റെ ബിസിനസ് തങ്ങള്‍ക്ക് വലിയ തിരിച്ചടിയായതാണ് കവര്‍ച്ചയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതികളിലൊരാളായ അമോല്‍ പൊലീസിനോട് സമ്മതിച്ചു.



