ഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടവരാണ് സൗഗത ബസുവും മായങ്ക് കൽറയും. കുറച്ച് ദിവസങ്ങൾ ഒരുമിച്ച് ജീവിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇരുവരും ബെംഗളൂരുവിൽ താമസം തുടങ്ങിയത്. പുതിയൊരു താമസസ്ഥലം കിട്ടുന്നതുവരെ ഓഫിസിനടത്തുള്ള സൗഗതയുടെ വീട്ടിൽ തുടരാനായിരുന്നു മായങ്കിന്റെയും പദ്ധതി. അങ്ങനെ അവർ ഒരുമിച്ചു പോയി ഒരുപാട് വീടുകൾ കണ്ടു. പക്ഷേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയിട്ടും അവർ അങ്ങനെയൊരു വീട് കണ്ടെത്തിയില്ല. അതൊരിക്കലും മനസ്സിനിഷ്ടപ്പെട്ട താമസസ്ഥലം കണ്ടെത്താനാകാത്തതു കൊണ്ടായിരുന്നില്ല. ഇഷ്ടപ്പെട്ടയാളെ പരസ്പരം നഷ്ടപ്പെടുത്താൻ മനസ്സു സമ്മതിക്കാത്തതുകൊണ്ടായിരുന്നു. കുറച്ചു ദിവസം ഒപ്പം കഴിയാമെന്നു ചിന്തിച്ചവർ ഇനി ഒരിക്കലും പിരിയില്ലെന്നു തീരുമാനിച്ചു. 2012 നവംബറിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിവാഹിതരാകാൻ നിയമപരമായി തടസ്സമുള്ളതുകൊണ്ടും കുടുംബവും സമൂഹവും എതിർക്കുമെന്നു ഭയന്നും കുറേക്കാലം ജീവിച്ചു.
തമ്മിൽക്കണ്ട് ഒരു മാസത്തിനകം പരസ്പരം പ്രണയിക്കുന്നുവെന്ന സത്യം ഇരുവരും മനസ്സിലാക്കി. സൗഗത ഉള്ളിലെ പ്രണയം തുറന്നു പറഞ്ഞു. അഞ്ചു വർഷം പ്രണയിച്ച ശേഷം ഇക്കാര്യം കുടുംബക്കാരുടെ മുന്നിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. സഹോദരിമാരോട് ഇക്കാര്യം തുറന്നു പറഞ്ഞപ്പോൾ അവർ സന്തോഷത്തോടെ ഇരുവരുടെയും ബന്ധം അംഗീകരിച്ചു. പക്ഷേ, മാതാപിതാക്കൾക്ക് ഈ പ്രണയത്തെ അംഗീകരിക്കാൻ കുറേയധികം സമയം വേണ്ടി വന്നു. ഒരുമിച്ചൊരു കുടുംബം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനു മുന്നോടിയായി അവർ രണ്ട് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു. 2020 ൽ വാടക ഗർഭധാരണം തിരഞ്ഞെടുക്കുകയും 2021 ജൂണിൽ അവരുടെ ജീവിതത്തിലേക്ക് ഒരു ആൺകുഞ്ഞും പെൺകുഞ്ഞും എത്തുകയും ചെയ്തു. ആ കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാളിന് സൗഗതും മായങ്ക് കൽറയും വിവാഹിതരായി.
പേരക്കുട്ടികളുടെ കളിചിരികളുടെ ഭാഗമാകാൻ അച്ഛനമ്മമാരും ഇപ്പോൾ വീട്ടിലുണ്ടെന്നും എല്ലാവരുടെയും അംഗീകാരത്തോടെ ഒരുമിച്ചു ജീവിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഇരുവരും പറയുന്നു. ബന്ധുക്കളും അച്ഛനമ്മമാരും ബന്ധത്തോട് അനുകൂല നിലപാട് സ്വീകരിച്ചതോടെ ഇരട്ട ജീവിതത്തിന്റെ ഭാരത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ടെന്നും തങ്ങളുടെ സ്വത്വത്തെ അംഗീകരിച്ച് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുന്നുണ്ടെന്നും ഇരുവരും പറയുന്നു. ഇരുവരുടെയും ആദ്യ പ്രണയമായിരുന്നു. പരസ്പരമുള്ള ചെറിയ വഴക്കുകളുൾപ്പടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യത്തെയും മനസ്സു നിറഞ്ഞ് സ്നേഹിക്കുന്നുണ്ടെന്ന് ഇരുവരും പറയുന്നു.
സ്വവർഗാനുരാഗികളായ ദമ്പതികൾ എന്ന നിലയിലുള്ള ജീവിതത്തിൽ നിരവധി പ്രതിസന്ധികളും അവഹേളനങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും അതൊക്കെയും ചില മനുഷ്യരുടെ തെറ്റിദ്ധാരണ കൊണ്ട് സംഭവിച്ചതാണെന്നും അവർ വ്യക്തമാക്കുന്നു. പലരും ഇത്തരം ബന്ധങ്ങൾക്ക് പിന്നിലെ വൈകാരിക അനുഭവങ്ങളെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ട്. അവരൊക്കെ ചിന്തിക്കുന്നത് ഇത്തരം ബന്ധങ്ങൾ ശാരീരിക ആവശ്യങ്ങളിൽ മാത്രം അധിഷ്ഠിതമാണെന്നാണ്. സമൂഹവും നീതിന്യായ വ്യവസ്ഥയും തങ്ങളെപ്പോലെയുള്ള ദമ്പതികൾക്ക് പിന്തുണ നൽകാൻ തയാറായാൽ കേവലം ഭയം കൊണ്ട് ഇത്തരം ബന്ധങ്ങൾ ഒളിച്ചു വയ്ക്കുന്നവർക്കു കൂടി തങ്ങളുടെ സ്വത്വം വെളിപ്പെടുത്തി ജീവിക്കാൻ അവസരമൊരുങ്ങുമെന്നും അവർ കൂട്ടിച്ചേർത്തു. ഒന്നും മറച്ചു വയ്ക്കാതെ തികഞ്ഞ സത്യസന്ധതയോടെയാണ് ജീവിക്കുന്നത്. പരസ്പരമുള്ള തിരഞ്ഞെടുപ്പിൽ ഇന്നും അഭിമാനം മാത്രമേയുള്ളൂ. മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും തങ്ങളെ അംഗീകരിച്ച് നിരുപാധികം സ്നേഹിക്കുന്നതുകൊണ്ട് വിഷമമില്ല.
തങ്ങളുടെ ബന്ധത്തെ വിചിത്രമായി കാണുന്നവരോട് അങ്ങേയറ്റത്തെ ക്ഷമയോടെയും മാന്യതയോടെയും മാത്രമേ പെരുമാറാറുള്ളൂവെന്നും അവർ വിശദീകരിച്ചു. ‘‘കുറച്ച് സമയമെടുത്താണെങ്കിലും ചിലർ ഞങ്ങളെ മനസ്സിലാക്കാറുണ്ട്. അല്ലാത്തവരെയോർത്ത് ഒരു പരിധിയിൽ കൂടുതൽ വിഷമിക്കാറില്ല. കൃത്യസമയത്താണ് അച്ഛന്മാരാകാൻ തയാറെടുത്തത്. 2021 ഡിസംബറിൽ ഇതു സംബന്ധിച്ച നിയമം മാറി. 2021 ജൂണിൽ കുട്ടികൾ ജനിച്ചില്ലായിരുന്നു എങ്കിൽ ഒരിക്കലും ഞങ്ങൾക്ക് വാടകഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ കഴിയുമായിരുന്നില്ല. കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് വന്നതോടെ മുൻപത്തേക്കാൾ ശാന്തരും ക്ഷമയുള്ളവരുമായി. അവരെ ചുറ്റിപ്പറ്റിയാണ് ജീവിതം മുന്നോട്ടു പോകുന്നത്. ഞങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങളിൽ നന്ദിയുള്ളവരാണ്. ’’– ഇരുവരും വ്യക്തമാക്കി.




