പാലക്കാട് ∙ കടുത്ത വരൾച്ച മൂലം തമിഴ്നാട്ടിലും കർണാടകയിലും നെല്ലുൽപാദനം കുറഞ്ഞതോടെ കേരളം കടുത്ത അരിക്ഷാമത്തിലേക്ക്. ഉൽപാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള നെല്ലുവിതരണം വെട്ടിക്കുറയ്ക്കുമെന്നു തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വ്യാപാരികൾ അറിയിച്ചതായി മില്ലുടമകൾ പറയുന്നു. ഇതിനകംതന്നെ നെല്ലുവരവു നാലിലൊന്നു കുറഞ്ഞു. ഇനിയും കുറയുമെന്നാണു മുന്നറിയിപ്പ്.
ഒരുവർഷം 40 ലക്ഷം മെട്രിക് ടൺ അരി വേണ്ട സ്ഥാനത്ത് 5 ലക്ഷം മെട്രിക് ടൺ മാത്രമാണു കേരളത്തിലെ ഉൽപാദനം. അയൽസംസ്ഥാനങ്ങളിൽനിന്നു നെല്ലിന്റെ വരവു കുറയുന്നതു കേരളത്തിനു വലിയ പ്രതിസന്ധിയാകും.കേരളത്തിനു പ്രിയപ്പെട്ട ‘മട്ട’ ഇനം നെല്ല് കൂടുതലായി നൽകിയിരുന്ന തമിഴ്നാടിനെ മഴക്കുറവ് സാരമായി ബാധിച്ചു. വിളവിറക്കുന്നതിൽ 28 ശതമാനം കുറവുണ്ടായി. കതിരിൽ പാലുറയ്ക്കുന്ന സമയത്തെ ചൂടുമൂലം വിളവു കുറയുകയും ചെയ്തു.
പൊന്നി ഇനം നെല്ലിനു തമിഴ്നാട്ടിൽ ഇപ്പോൾ കൂടുതൽ വില ലഭിക്കുന്നതിനാൽ പല കർഷകരും മട്ട നെല്ല് വിളവിറക്കുന്നതു നിർത്തിയതും കേരളത്തിനു തിരിച്ചടിയാകും.ജനുവരി – ഏപ്രിൽ സീസണിൽ 200 കോടിയിലേറെ രൂപയുടെ നെല്ലാണു തമിഴ്നാട്ടിൽനിന്ന് എത്താറുള്ളത്. മഴക്കുറവു കാരണം കൃഷ്ണരാജസാഗർ, തുംഗഭദ്ര അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതാണു കർണാടകയിലെ നെൽക്കൃഷിക്കു തിരിച്ചടിയായത്.
ബിരിയാണി അരി: പഴയ നെല്ലു കിട്ടാനില്ല
ബിരിയാണി അരി കിട്ടാനുമുണ്ട് പ്രതിസന്ധി. കേരളത്തിൽ ബിരിയാണിക്ക് കൂടുതലായി ഉപയോഗിക്കുന്ന കൈമ അരി പ്രധാനമായും വരുന്നതു ബംഗാളിൽ നിന്നാണ്. ഒന്നോ രണ്ടോ വർഷം പഴക്കമുള്ള നെല്ലു കുത്തി അരിയാക്കുമ്പോഴാണു മികച്ച ഗുണവും മണവും ലഭിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മുൻവർഷങ്ങളിലെ ഉൽപാദനത്തെ ബാധിച്ചു. രാജ്യാന്തര വിപണിയിൽ ബിരിയാണി അരിക്ക് ഡിമാൻഡ് കൂടിയതോടെ കയറ്റുമതി വർധിച്ചതും കേരളത്തിലേക്കുള്ള അരിവരവു കുറയാൻ കാരണമായി.





