മൂവാറ്റുപുഴ: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മൂവാറ്റുപുഴ മഞ്ഞള്ളൂർ കാപ്പ് മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നിയെയാണ് (37) കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിറക്കിയത്.
2024 നവംബറിൽ കുന്നത്തുനാട് ഐരാപുരം കുറ്റിപ്പിള്ളിയിൽ വെച്ച് പ്രസാദ് കുമാർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ലിബിൻ ബെന്നി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇയാൾ, കഴിഞ്ഞ ഒക്ടോബർ ആദ്യവാരം ചാലക്കുടി കെ.എസ്.ആർ.ടി.സി റോഡിലെ ഒരു ലോഡ്ജിൽ വെച്ച് യുവാവിനെ കൊള്ളയടിക്കുകയായിരുന്നു. യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാല, മൊബൈൽ ഫോൺ, പണം എന്നിവയാണ് ഇയാൾ കവർന്നത്. ഇതുമായി ബന്ധപ്പെട്ട് ചാലക്കുടി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കാപ്പ ചുമത്താനുള്ള നടപടികൾ സ്വീകരിച്ചത്.
കുന്നത്തുനാട്, കുറുപ്പംപടി, കോതമംഗലം, രാമമംഗലം, ഇടുക്കിയിലെ കട്ടപ്പന, ചാലക്കുടി എന്നീ പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, കവർച്ച, മോഷണം, അതിക്രമിച്ചു കടക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ലിബിൻ ബെന്നി പ്രതിയാണ്. വാഴക്കുളം സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ബി. ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിനു എസ്. നായർ, കെ.ആർ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






