ഹോട്ടലിൽ കയറാൻ പോലും പേടി! ഊണിന് 150, ചായയ്ക്ക് 30; സാധാരണക്കാരുടെ കുടുംബബജറ്റ് തകിടം മറിയുന്നു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടൽ ഭക്ഷണവില കുത്തനെ ഉയർന്നു. വിവിധ ഭക്ഷണവിഭവങ്ങൾക്ക് മൂന്ന് മുതൽ പതിനഞ്ചു രൂപ വരെയാണ് വർധിച്ചിരിക്കുന്നത്. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ, പാചകഎണ്ണ, പാചകവാതകം തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതാണ് ഹോട്ടൽ നിരക്കുകൾ ഉയരാൻ കാരണമായത്.

 

വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകാത്ത സാഹചര്യത്തിലാണ് ഭക്ഷണവില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരായത്. ഹോട്ടൽ നടത്തിപ്പ് ചെലവേറിയതോടെ ഉടമകൾ നിരക്ക് ഉയർത്തുമ്പോൾ, അതിന്റെ ഭാരം താങ്ങേണ്ടിവരുന്നത് സാധാരണക്കാരായ ജനങ്ങൾക്കാണ്.

 

ദോശയ്ക്കും ഇഡലിക്കും മുതൽ ഊണിനും ബിരിയാണിക്കും വരെ വില കൂടിയതോടെ ദിവസേന ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികളും വിദ്യാർത്ഥികളും യാത്രക്കാരുമാണ് ഏറെ ദുരിതത്തിലായത്. അഞ്ച് മാസം മുൻപുള്ള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ പ്രധാന വിഭവങ്ങളുടെ വിലയിൽ കാര്യമായ മാറ്റമുണ്ട്. എട്ട് രൂപയായിരുന്ന ദോശയ്ക്ക് ഇപ്പോൾ 10 മുതൽ 12 രൂപ വരെയാണ് വില. പത്ത് രൂപയായിരുന്ന ഇഡലിക്ക് 15 രൂപയായി. 12 രൂപയുണ്ടായിരുന്ന അപ്പത്തിനും പൊറോട്ടയ്ക്കും 15 രൂപ വീതമായി വർധിച്ചു. 30–35 രൂപയായിരുന്ന ഒരു കുറ്റി പുട്ടിന് ഇപ്പോൾ 40–45 രൂപ വരെ നൽകേണ്ട അവസ്ഥയാണ്.

 

കൊച്ചിയിലെ ചില ഭക്ഷണശാലകളിൽ 15–20 രൂപയായിരുന്ന ചായയ്ക്കും കാപ്പിക്കും 30 രൂപ വരെ ഈടാക്കുന്നുണ്ട്. 100 രൂപയായിരുന്ന ഊണിന് 150 രൂപയായി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്. ഹോട്ടലുകൾക്കനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടെങ്കിലും ഭക്ഷണച്ചെലവിലുണ്ടാകുന്ന വർധന സാധാരണക്കാരുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുകയാണ്.

 

ബിരിയാണിക്ക് ഉപയോഗിക്കുന്ന കൈമ അരിയുടെ വിലക്കയറ്റവും ഹോട്ടൽ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. കിലോഗ്രാമിന് 195–210 രൂപ വരെയാണ് കൈമ അരിയുടെ ഇപ്പോഴത്തെ വില. ഒരു വർഷത്തിനിടെ ഏകദേശം 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അരിക്കു പുറമെ കോഴിയിറച്ചി, പച്ചക്കറി, പാചകഎണ്ണ, മറ്റ് ചേരുവകൾ എന്നിവയ്ക്കും വില കൂടിയതോടെ ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങളുടെ നിർമ്മാണച്ചെലവും ഉയർന്നു.

 

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനൊപ്പം പാചകവാതകത്തിന്റെയും നടത്തിപ്പിനാവശ്യമായ മറ്റ് ചെലവുകളുടെയും വർധനയും ഉടമകളെ പ്രതിസന്ധിയിലാക്കുന്നു. വില കൂട്ടിയില്ലെങ്കിൽ നഷ്ടം സഹിക്കേണ്ടിവരുമെന്നും, കൂട്ടിയാൽ ഉപഭോക്താക്കൾ കുറഞ്ഞുപോകുമോ എന്ന ആശങ്കയുണ്ടെന്നും ഹോട്ടലുടമകൾ വ്യക്തമാക്കുന്നു. ഈ ഇരട്ടപ്രതിസന്ധിയിൽ ചെറുകിട ഹോട്ടലുകളാണ് ഏറെ ബുദ്ധിമുട്ടുന്നത്.

  • Related Posts

    പുറത്തുചാടിയത് പഴയ ‘വില്ലൻ’! കൂട്ടിൽ നിന്ന് ചാടി മരത്തിൽ കയറി ഹനുമാൻ കുരങ്ങ്; തിരുവനന്തപുരം മൃഗശാലയിൽ ജാഗ്രത

    Spread the love

    Spread the loveതിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങ് കൂട്ടിൽ നിന്ന് ചാടിപ്പോയി. നിലവിൽ കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിലുണ്ടെന്നും, സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. ഹനുമാൻ കുരങ്ങ് മൃഗശാലയ്ക്ക് പുറത്തേക്ക് പോയിട്ടില്ലെന്ന് സൂപ്രണ്ട് അനിൽകുമാർ അറിയിച്ചു.   രാവിലെ…

    ‘37 വെട്ടുകൾ, കൊല്ലാൻ ഒരുവെട്ട് പോരേ, അതിക്രൂര കൊലപാതകം’; ഇറച്ചിവെട്ടുന്ന കടയിൽപോലും നടക്കാത്തതെന്ന് ജഡ്ജി

    Spread the love

    Spread the loveതളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.എം. രാമന്തളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത്. ഇത് സമരംചെയ്ത കേസല്ലെന്നും ധനരാജ് സ്വയം വെട്ടിമരിച്ചതല്ലെന്നും പറഞ്ഞ…

    Leave a Reply

    Your email address will not be published. Required fields are marked *