തോൽപെട്ടി: മാൻ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പുരാവസ്തു വകുപ്പിലെ താത്കാലിക ജീവനക്കാരൻ തോൽപെട്ടി അപ്പപ്പാറ മേലയിൽ വീട്ടിൽ എം.ബി. ഷാഫി (32)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.45ഓടെ അപ്പപ്പാറ കാരമാടിലായിരുന്നു അപകടം. ജോലിക്കായി വീട്ടിൽനിന്നു പനമരത്തേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് മാൻ കുറുകേച്ചാടി ബൈക്ക് മറിഞ്ഞത്. വീഴ്ചയിൽ ഷാഫിയുടെ കൈയ്ക്കും കാലിനും ഇടുപ്പിനും പരിക്കേറ്റു. വനപാലകർ ഷാഫിയെ മാനന്തവാടിയിലെ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓവുചാലിലേക്ക് വീണതിനാൽ ബൈക്കിനും നാശമുണ്ടായി.





