ഹരിപ്പാട്: കടയിൽ സാധനങ്ങൾ വാങ്ങാൻ നൽകിയ നൂറ് രൂപയുടെ പഴയ നോട്ടുകളിൽ സംശയം തോന്നി കടയുടമ വിവരം നൽകിയതിനെത്തുടർന്ന് കള്ളനോട്ടുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. ചെറുതന ആയാപറമ്പ് ആലിൻചുവട് ജങ്ഷനു സമീപമുള്ള കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പശ്ചിമബംഗാൾ മാൾഡ സ്വദേശി ഭൂവൻ മണ്ഡൽ (50) ആണ് വീയപുരം പൊലീസിന്റെ പിടിയിലായത്. ആകെ 63 കള്ളനോട്ടുകളാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
ചെറുതന ആയാപറമ്പ് ആലിൻചുവട് ജങ്ഷനിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയ ശേഷമാണ് ഭൂവൻ മണ്ഡൽ 100 രൂപയുടെ 12 പഴയ നോട്ടുകൾ കടയുടമയ്ക്ക് നൽകിയത്. ഒരുമിച്ച് ഇത്രയധികം പഴയ നോട്ടുകൾ ലഭിച്ചതിലും അവയുടെ പ്രത്യേകതയിലും കടയുടമ സുനിലിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് അദ്ദേഹം വിവരം പൊലീസിനെ അറിയിച്ചു.
സ്ഥലത്തെത്തിയ വീയപുരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തി. കടയിൽ നൽകിയ 12 നോട്ടുകൾക്കു പുറമെ, ഇയാളുടെ കൈവശമുണ്ടായിരുന്ന 100 രൂപയുടെ 51 പഴയ നോട്ടുകൾ കൂടി പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത നോട്ടുകൾ ഹരിപ്പാട് എസ്ബിഐ ശാഖയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ഇവ കള്ളനോട്ടുകളാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തിൽ വീയപുരം പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.





