കൊല്ലം∙ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. സായ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഭർതൃവീട്ടുകാർ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് മാതാപിതാക്കളെ വിളിച്ച് താൻ അടുത്ത ദിവസം വീട്ടിലേക്കു വരുന്നുണ്ടെന്ന് സായ പറഞ്ഞിരുന്നതായി സഹോദരൻ സെയ്ഫ് ഷാജി മനോരമയോടു വെളിപ്പെടുത്തി. മരണത്തിന്റെ തലേ ദിവസവും സായയുമായി താൻ സംസാരിച്ചിരുന്നുവെന്നും മനോവിഷമങ്ങളൊന്നുമുള്ളതായി തോന്നിയില്ലെന്നും സെയ്ഫ് പറഞ്ഞു.
‘‘സായയ്ക്കു ഭർതൃവീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ അതത്ര ഗൗരവമേറിയ വിഷയങ്ങളായിരുന്നില്ല. സായ അതേക്കുറിച്ചു കൂടുതലൊന്നും പറഞ്ഞിട്ടുമില്ല. എറണാകുളത്തുള്ള വീട്ടിലേക്കു സായ വരുന്നതു പതിവായിരുന്നു. മരണത്തിനു 2 ദിവസം മുൻപ് വിളിച്ചപ്പോഴും ഉടൻ വീട്ടിലേക്കു വരുന്നുണ്ടെന്ന് അവൾ പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നവളായിരുന്നു സായ. അവൾ ഒരിക്കലും ജീവനൊടുക്കില്ല. അവളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഷാൾ അവളുടേതല്ല. മുറിയിൽ നിന്നു കിട്ടിയ ആത്മഹത്യാ കുറിപ്പിലും ദുരൂഹതകളുണ്ട്. എഴുത്തിലെ കയ്യക്ഷരം സായയുടേതല്ല. അതൊരുപക്ഷേ അവളെക്കൊണ്ട് നിർബന്ധിച്ച് എഴുതിപ്പിച്ചതാകാം. സായ മരിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ഭർതൃവീട്ടുകാർ ഞങ്ങളെ വിവരം അറിയിച്ചത്. ഇതൊക്കെ മരണത്തിലുള്ള സംശയം ബലപ്പെടുത്തുകയാണ്. ഭർതൃവീട്ടുകാർ എന്തൊക്കെയോ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നു. സായ ജനൽ കമ്പിയിൽ തൂങ്ങിനിൽക്കുന്നതു കണ്ടു എന്നാണ് ഭർതൃവീട്ടുകാരുടെ മൊഴി. ആ ജനലിലെ കർട്ടനുകൾക്കോ അതിലുണ്ടായിരുന്ന സീഷെൽ ഹാങ്ങിങ്ങുകൾക്കോ യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ല. ആത്മഹത്യയായിരുന്നുവെങ്കിൽ മരണവെപ്രാളത്തിൽ സായ അവ പിടിച്ചു വലിക്കുകയോ പൊട്ടിക്കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അത്തരം അടയാളങ്ങളൊന്നും മുറിയിൽ നിന്നു ലഭിക്കാത്തതും ദുരൂഹത വർധിപ്പിക്കുന്നു’’– സെയ്ഫ് പറഞ്ഞു.
ഇരവിപുരം ഭരണിക്കാവിൽ ഷാജി– റിഹാന ദമ്പതികളുടെ മകൾ സായയെ (26) ഒക്ടോബർ 31ന് രാത്രിയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഉടൻ പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവദിവസം വൈകിട്ട് 4ന് വീട്ടിൽ ബഹളം നടന്നതായി അയൽവീട്ടുകാർ പറഞ്ഞു. സായയുടെ മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടക്കണമെന്നും ഭർത്താവിനോടു സ്നേഹം മാത്രമേ ഉള്ളുവെന്നു കുറിപ്പിൽ പറയുന്നു.
2023 ജനുവരി 15നായിരുന്നു സായയുടെയും മാടൻനട സ്വദേശി അഫ്സലിന്റെയും വിവാഹം. പത്തനാപുരം സ്വദേശിയായ സായയുടെ കുടുംബം ഇപ്പോൾ എറണാകുളത്താണ് താമസം. സായയുടെ മരണത്തിൽ ഭർത്താവ് അഫ്സലിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ യുവതി രംഗത്തെത്തിയിരുന്നു. അഫ്സൽ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടയാൾ ആണെന്നും സായ ഭർതൃവീട്ടിൽ ക്രൂരമായ മാനസിക പീഡനം നേരിട്ടിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. സായയുടെ മരണത്തിനു ശേഷം മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുൻപ് വൃത്തിയാക്കിയതിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും യുവതി പറഞ്ഞു.





