തൂത്തുക്കുടി: അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഭർതൃഗൃഹത്തിൽ നിന്ന് പോയ ഭാര്യയെ അന്വേഷിച്ചെത്തിയ യുവാവ്, അതേ യുവതിയുടെ മറ്റൊരു ഭർത്താവിനെ ഭാര്യവീട്ടിൽ വെച്ച് കണ്ടുമുട്ടിയതോടെ വൻ വിവാഹ തട്ടിപ്പ് സംഘത്തിന്റെ കള്ളി വെളിച്ചത്തായി. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള കോവിൽപട്ടിയിലാണ് സിനിമാക്കഥകളെ വെല്ലുന്ന രീതിയിലുള്ള ഈ തട്ടിപ്പ് അരങ്ങേറിയത്. കോവിൽപട്ടി സ്വദേശിനിയായ കാർത്തിക എന്ന യുവതിയും കൂട്ടാളികളും ചേർന്ന് രണ്ട് മാസത്തിനിടെ രണ്ട് യുവാക്കളെ വിവാഹം കഴിച്ച് സ്വർണവും പണവും തട്ടിയെടുത്തതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
തഞ്ചാവൂർ ജില്ലയിലെ ഉപ്പുണ്ടാർപട്ടി സ്വദേശിയായ സിദ്ധാർത്ഥനാണ് തട്ടിപ്പിനിരയായ ആദ്യത്തെയാൾ. ഇടനിലക്കാർ വഴി ഉറപ്പിച്ച വിവാഹത്തിനായി മൂന്ന് ലക്ഷം രൂപ ബ്രോക്കറേജും, വധുവിന് മൂന്ന് പവൻ സ്വർണാഭരണങ്ങളും നൽകിയതായും, ആകെ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചതായും സിദ്ധാർത്ഥൻ പോലീസിനോട് പറഞ്ഞു. സെപ്റ്റംബർ 13-നായിരുന്നു ഇവരുടെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് കാർത്തിക സ്വന്തം വീട്ടിലേക്ക് മടങ്ങി. ചികിത്സാ ആവശ്യങ്ങൾക്കായി പണവും നൽകിയാണ് സിദ്ധാർത്ഥൻ ഭാര്യയെ യാത്രയാക്കിയത്. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് മടങ്ങിവരാൻ വിസമ്മതിച്ച കാർത്തികയെ അന്വേഷിച്ച് സിദ്ധാർത്ഥൻ കോവിൽപട്ടിയിലെ വീട്ടിലെത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.
മാതാപിതാക്കളായി അഭിനയിച്ചത് ഇടനിലക്കാർ; പുറത്തുവന്നത് വൻ തട്ടിപ്പ്
കാർത്തികയുടെ മാതാപിതാക്കളെന്ന് പരിചയപ്പെടുത്തിയ മുനീശ്വരിയും മാരിയപ്പനും യുവതി മധുരയിലാണെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിക്കുന്നതിനിടെ, നാമക്കൽ സ്വദേശിയായ രഞ്ജിത് കുമാർ കാർത്തികയെ അന്വേഷിച്ച് അവിടേക്ക് എത്തുകയായിരുന്നു. നവംബർ ഒന്നിന് താൻ വിവാഹം കഴിച്ച പെൺകുട്ടിയാണ് കാർത്തികയെന്ന് രഞ്ജിത് വെളിപ്പെടുത്തിയതോടെ ഇരുവരും തങ്ങൾ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞു. തുടർന്ന് ഇവർ മാതാപിതാക്കളോട് വിശദീകരണം ചോദിച്ചതോടെ, മുനീശ്വരിയും മാരിയപ്പനും യുവാക്കൾക്കെതിരെ തിരിയുകയും വീട്ടിൽ അതിക്രമിച്ചു കയറി മർദിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പോലീസിനെ വിളിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. താൻ കാർത്തികയുടെ പിതാവല്ലെന്നും വിവാഹ ബ്രോക്കറാണെന്നും മാരിയപ്പനും, യുവതി തന്റെ മകളല്ല അനന്തരവളാണെന്നും മുനീശ്വരിയും പോലീസിനോട് സമ്മതിച്ചു. വധുവിന്റെ അമ്മയ്ക്ക് മാരകരോഗമാണെന്ന് വിശ്വസിപ്പിച്ച് വിവാഹം വേഗത്തിൽ നടത്തുകയും, ദിവസങ്ങൾക്കുള്ളിൽ സ്വർണവും പണവുമായി മുങ്ങുകയുമായിരുന്നു ഇവരുടെ രീതി. മധുര സ്വദേശിയായ മറ്റൊരു യുവാവുമായും കാർത്തികയുടെ വിവാഹാലോചന ഇവർ നടത്തിവരികയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
രണ്ട് പ്രതികൾക്ക് ജാമ്യം; മുഖ്യപ്രതി ഒളിവിൽ
സംഭവത്തിൽ സിദ്ധാർത്ഥനും രഞ്ജിത്തും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ കാർത്തിക, മുനീശ്വരി, മാരിയപ്പൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത മുനീശ്വരിയെയും മാരിയപ്പനെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മുഖ്യപ്രതിയായ കാർത്തിക നിലവിൽ ഒളിവിലാണ്. അതേസമയം, പ്രതികൾക്ക് അനുകൂലമായ രീതിയിൽ പോലീസ് പരാതിയിലെ വിവരങ്ങൾ തിരുത്തിയെന്നും, കാർത്തികയെ പിടികൂടാൻ പോലീസ് അനാസ്ഥ കാണിക്കുകയാണെന്നും ആരോപിച്ച് യുവാക്കളും അവരുടെ അഭിഭാഷകൻ ശരവണനും രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർ ഈ സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്നതിനെക്കുറിച്ചും തട്ടിയെടുത്ത സ്വർണവും പണവും എവിടെയാണെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.







