പനമരം: പനമരം ആര്യന്നൂർ നട വഴി ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഇരുവശത്തെ ഡോറുകളിൽ തൂങ്ങി യുവാക്കൾ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ പനമരം പോലീസ് കേസെടുത്തു.
പനമരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ ഇരുവശത്തെ ഡോറുകളിൽ തൂങ്ങിയാണ് രണ്ട് യുവാക്കൾ യാത്ര ചെയ്തത്. മഞ്ഞുമൂടിയ റോഡിലൂടെ മുന്നിൽ ലോറിയും എതിർദിശയിൽ മറ്റു വാഹനങ്ങളും വരുന്ന സാഹചര്യത്തിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര.
പിന്നാലെ വന്ന കാറിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോറുകളിൽ തൂങ്ങി കൈവീശിയും ആഹ്ലാദം പ്രകടിപ്പിച്ചും യാത്ര ചെയ്ത യുവാക്കൾ ആര്യന്നൂർ നട കടന്ന് പനമരം പാലം വഴിയും ഇതേ രീതിയിൽ യാത്ര തുടർന്നു.
മറ്റു യാത്രക്കാരുടെയും ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തി വലിയ ആശങ്കയുയർത്തിയിട്ടുണ്ട്. സംഭവത്തിൽ പനമരം പോലീസ് FIR നമ്പർ 578/2026 പ്രകാരം BNS 281, കേരള പോലീസ് ആക്ട് 118(e) വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.







