‘AI മനുഷ്യനെ മറികടന്നേക്കും, ബ്രേക്ക് ഇടണം’; ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആന്ത്രോപിക്

Spread the love

സാങ്കേതിക ലോകം അത്യാധുനിക എഐ സംവിധാനങ്ങളുടെ ഗവേഷണവുമായി മുന്നേറുന്നതിനിടെ, ഇതിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടി പ്രമുഖ എഐ കമ്പനികളിലൊന്നായ ആന്ത്രോപിക് രംഗത്ത്. എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യ സമൂഹത്തിന്റെയും നിയന്ത്രണ സംവിധാനങ്ങളുടെയും ശേഷിയെ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. എഐ വികസനത്തിന്റെ വേഗം കുറയ്ക്കാനോ നിര്‍ത്തിവെക്കാനോ ലോകം തയ്യാറാകണമെന്ന് ആന്ത്രോപിക് ആവശ്യപ്പെട്ടു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് കമ്പനി നിലപാട് വ്യക്തമാക്കിയത്.

 

എഐ ഗവേഷണം പൂര്‍ണമായും നിര്‍ത്തണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെങ്കിലും, നിയന്ത്രണ സംവിധാനങ്ങള്‍ ലോകത്തിന് ഉണ്ടായിരിക്കണമെന്ന് ആന്ത്രോപിക് അഭിപ്രായപ്പെട്ടു. കമ്പനിയുടെ വിലയിരുത്തല്‍ പ്രകാരം, എഐ സംവിധാനങ്ങള്‍ക്ക് സ്വതന്ത്രമായി വിവിധ ജോലികള്‍ നിര്‍വഹിക്കാനുള്ള കഴിവ് ഓരോ നാല് മാസത്തിലും ഇരട്ടിയാകുകയാണ്. ഈ നിലയില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ എഐ സംവിധാനങ്ങള്‍ക്ക് മനുഷ്യരുടെ സഹായമില്ലാതെ സ്വയം കൂടുതല്‍ ശക്തമായ സംവിധാനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഘട്ടത്തിലെത്താമെന്നാണ് മുന്നറിയിപ്പ്. ഇതിനെ ‘റിക്കഴ്സീവ് സെല്‍ഫ്-ഇംപ്രൂവ്മെന്റ്’ എന്നാണ് വിളിക്കുന്നത്.

 

ആന്ത്രോപിക്കിലെ ഗവേഷകരായ ജാക്ക് ക്ലാര്‍ക്ക്, മരിന ഫവറോ എന്നിവരുടെ അഭിപ്രായത്തില്‍, പല സ്ഥാപനങ്ങളും കരുതുന്നതിലും വേഗത്തില്‍ പുതിയ നിലയിലേക്ക് എഐ എത്താനുള്ള സാധ്യതയുണ്ട്. അതിനാല്‍, വന്‍കിട എഐ കമ്പനികള്‍, സര്‍ക്കാരുകള്‍, ഗവേഷകര്‍ എന്നിവരുടെ ഏകോപനത്തോടെ എഐ ഭീഷണിയെ ചെറുക്കാനുള്ള സംവിധാനം രൂപീകരിക്കണമെന്ന് കമ്പനി നിര്‍ദേശിക്കുന്നു. ഒരു രാജ്യമോ കമ്പനിയോ മാത്രം ഗവേഷണം നിര്‍ത്തിയാല്‍ ഫലപ്രദമാകില്ലെന്നും, എല്ലാ പ്രധാന കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ആന്ത്രോപിക് ചൂണ്ടിക്കാട്ടുന്നു.

 

എഐ സുരക്ഷാ സംവിധാനങ്ങള്‍, മേല്‍നോട്ട സംവിധാനങ്ങള്‍, നിയമപരമായ നിയന്ത്രണങ്ങള്‍, എഐ മനുഷ്യ മൂല്യങ്ങളോട് യോജിച്ചുനില്‍ക്കുന്നത് ഉറപ്പാക്കുന്ന അലൈന്‍മെന്റ് റിസര്‍ച്ച് എന്നിവ വികസിപ്പിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നതിന് ഒരു ഇടവേള സഹായകരമാകുകയെന്ന് കമ്പനി പറയുന്നു. അഡ്വാന്‍സ്ഡ് എഐ വികസനം താല്‍ക്കാലികമായി നിര്‍ത്തണമെന്ന ആശയം പുതുമയുള്ളതല്ല. 2023ലും നിരവധി സാങ്കേതിക വിദഗ്ധരും ഗവേഷകരും സമാന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ എഐ നിയന്ത്രണത്തിനായുള്ള ആഗോള ചട്ടക്കൂട് രൂപീകരിക്കുന്നതില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

 

ആന്ത്രോപിക്കിന്റെ നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. എഐ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ചിലര്‍ പ്രതികരിച്ചപ്പോള്‍, നീക്കം കമ്പനിയുടെ എതിരാളികളെ നിയന്ത്രിക്കാനുള്ള ശ്രമമാകാമെന്ന് മറ്റുചിലര്‍ ആരോപിച്ചു. ലോകമെമ്പാടും എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച അതിവേഗത്തിലാകുന്ന സാഹചര്യത്തില്‍, സാങ്കേതികവിദ്യയും സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ എങ്ങനെ ഉറപ്പാക്കുമെന്ന ചര്‍ച്ചയ്ക്ക് ആന്ത്രോപിക്കിന്റെ ആഹ്വാനം പുതിയ ഊര്‍ജം പകരുന്നതാണ്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *