സ്വർണക്കടലാസിൽ ‘6 കോടിയുടെ’ സമ്മാനത്തിന് ഇന്ത്യൻ വംശജൻ; യുഎസ് പൊലീസിന്റെ നാടകീയ നീക്കം, 20കാരനെ കുടുക്കിയത് വയോധികയുടെ പരിഭ്രാന്തി

Spread the love

മിഷിഗൻ ∙ യുഎസിലെ മിഷിഗനിൽ 79 വയസ്സുള്ള വിധവയെ ഭീഷണിപ്പെടുത്തി 7,00,000 ഡോളർ (ഏകദേശം 6.6 കോടി രൂപ) തട്ടിയെടുക്കാനുള്ള വൻ റാക്കറ്റിന്റെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. യഥാർഥ സ്വർണ നാണയങ്ങൾക്ക് പകരം സ്വർണക്കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ് നാണയങ്ങൾ നൽകി പൊലീസ് ഒരുക്കിയ ബുദ്ധിപരമായ കെണിയിലാണ് തട്ടിപ്പ് സംഘത്തിലെ കുറിയർ ഏജന്റായ യുഗ് ബി. ചൗഹാൻ (20) എന്ന യുവാവ് കുടുങ്ങിയത്. ഇന്ത്യൻ വംശജനായ ഇയാൾ ഇലിനോയ് സ്വദേശിയാണ്.

 

∙ ഭീകരവാദത്തിന്റെ പേരിൽ ഭീഷണി

തന്റെ സാമൂഹിക സുരക്ഷാ ഫണ്ടുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും, ഇത് തടയാൻ ഉടനടി 7 ലക്ഷം ഡോളറിന്റെ സ്വർണം വാങ്ങി തങ്ങൾ പറയുന്നയാൾക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടാണ് വയോധികയ്ക്ക് ഫോൺ കോൾ ലഭിക്കുന്നത്. ഭീഷണിയെ തുടർന്ന് വയോധിക, തന്റെ സമ്പാദ്യം മുഴുവൻ സ്വർണമാക്കാൻ തീരുമാനിക്കുകയായിരുന്നു. ‘തട്ടിപ്പുകാർ എത്ര എളുപ്പത്തിലാണ് എന്നെ കബളിപ്പിച്ചതെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു തകർച്ചയാണ് തോന്നുന്നത്’, എന്ന് പിന്നീട് അവർ പൊലീസിനോട് പറഞ്ഞു.

 

∙ രക്ഷകനായി നാണയക്കടയുടമ

‘ഗ്രാൻഡ് റാപ്പിഡ്സ് കോയിൻസ്’ എന്ന സ്ഥാപനത്തിന്റെ ഉടമയായ ബെൻ സോൾഡാറ്റിന്റെ സമയോചിതമായ ഇടപെടലാണ് വയോധികയ്ക്ക് തുണയായത്. 2000 മുതൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന സോൾഡാറ്റിന് വയോധികയുടെ പെരുമാറ്റത്തിൽ ചില അസ്വാഭാവികത തോന്നി. മക്കൾക്ക് നിക്ഷേപമായി നൽകാനാണ് സ്വർണം വാങ്ങുന്നതെന്ന് അവർ പറഞ്ഞെങ്കിലും, വാങ്ങാൻ പോകുന്ന ഉൽപന്നത്തെക്കുറിച്ച് ചോദിച്ചറിയാനോ മനസ്സിലാക്കാനോ അവർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. മാത്രമല്ല, വയോധികയുടെ പരിഭ്രാന്തി കടയുടമയുടെ ശ്രദ്ധയിൽപ്പെട്ടു

 

ഇടപാടിൽ സോൾഡാറ്റ് മനഃപൂർവം കാലതാമസം വരുത്തിയപ്പോൾ വൃദ്ധ കൂടുതൽ അസ്വസ്ഥയായി. ആരോ അവരെ കടുത്ത സമ്മർദത്തിലാഴ്ത്തി സ്വർണ വാങ്ങിക്കാൻ നിർബന്ധിക്കുകയാണെന്ന് മനസ്സിലാക്കിയ സോൾഡാറ്റ് ഉടൻ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

∙ ചോക്ലേറ്റ് നാണയങ്ങളുടെ കെണി

സോൾഡാറ്റിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വൃദ്ധയുടെ വീട്ടിലെത്തി. അതേസമയം തട്ടിപ്പുകാരൻ സ്ത്രീയെ ഫോണിൽ വിളിച്ച് സ്വർണം കൈപ്പറ്റിയോ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഡിറ്റക്ടീവുകൾ ചേർന്ന് ഒരു രഹസ്യ ഓപ്പറേഷൻ ആസൂത്രണം ചെയ്തു.

 

യഥാർഥ സ്വർണ നാണയങ്ങൾക്ക് പകരം സ്വർണക്കടലാസിൽ പൊതിഞ്ഞ ചോക്ലേറ്റ് നാണയങ്ങൾ ഒരു ബാഗിലാക്കി. വയോധികയുടെ വേഷം ധരിച്ച ഒരു പൊലീസ് ഏജന്റ് ഈ ബാഗുമായി തട്ടിപ്പുകാർ പറഞ്ഞ സ്ഥലത്തെത്തി. പണം അടങ്ങിയ ബാഗാണെന്ന് കരുതി ഇത് വാങ്ങാൻ എത്തിയ യുഗ് ചൗഹാനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.

 

∙ പ്രതിക്ക് 20 വർഷം വരെ തടവ്

പിടിയിലായ യുഗ് ചൗഹാന് 100,000 ഡോളർ ബോണ്ടിൽ കെന്റ് കൗണ്ടി ജയിലിലാണ്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

 

തനിക്ക് ‘ഭാവ്ഷ്’ എന്നയാളാണ് നിർദേശങ്ങൾ നൽകിയതെന്ന് യുഗ് പൊലീസിനോട് പറഞ്ഞു. ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്ന് ഡോനട്ട് ഷോപ്പിലേക്ക് പോകാനും അവിടെയുള്ള യൂബർ ഡ്രൈവർ വഴി കുറിയർ കൈപ്പറ്റാനുമായിരുന്നു തനിക്ക് ലഭിച്ച നിർദേശം. തട്ടിപ്പിന്റെ സൂത്രധാരനെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും, വാട്സാപ് വഴിയാണ് പ്രധാനമായും ആശയവിനിമയം നടത്തിയിരുന്നതെന്നും നിർദേശങ്ങൾ നൽകിയയാൾ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തി. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

  • Related Posts

    അനാവശ്യ തർക്കം, റോഡിൽ പൊലിഞ്ഞത് ഏഴ് പ്രവാസി ജീവനുകൾ; മൃതദേഹങ്ങൾ ജന്മനാട്ടിലേക്ക്

    Spread the love

    Spread the loveദുബായ് ∙ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളിൽ ബാക്കി 4 പേരുടെ മൃതദേഹം കൂടി നാട്ടിലേയ്ക്ക് കൊണ്ടുപോയി. 2 തെലുങ്കാന, ഒരു ന്യൂഡൽഹി സ്വദേശികളുടെയും ഒരു ശ്രീലങ്കൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊണ്ടുപോയത്. 3 ഇന്ത്യക്കാരുടെ…

    കാടിറങ്ങുന്ന വന്യജീവികൾ; തകരുന്ന കാർഷികമേഖലയും പൊലിയുന്ന മനുഷ്യജീവനും

    Spread the love

    Spread the loveഭക്ഷണത്തിനായി കാടിറങ്ങുന്ന വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘർഷമാണ് വനംവകുപ്പ് കഴിഞ്ഞ കുറെവർഷങ്ങളായി അനുഭവിക്കുന്ന തലവേദന. ഈ സംഘർഷം തടയാനായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഒന്നും ഫലപ്രദമെന്നു പറയാനാകില്ല. മൃഗങ്ങൾക്കാവശ്യമായ ഭക്ഷണവും വെള്ളവും വനത്തിനുള്ളിൽത്തന്നെ ഉറപ്പാക്കുകയാണ് ശാശ്വതമായ പരിഹാരം. പതിറ്റാണ്ടുകളായി അശാസ്ത്രീയമായ…

    Leave a Reply

    Your email address will not be published. Required fields are marked *