പ്രവാസി മലയാളി ‘മരുഭൂമിയിൽ ഉരുകിത്തീർന്നത്’ 50 കൊല്ലം; കോടികൾ വാരിയെറിഞ്ഞ ജീവിതം, പ്രതിസന്ധിയിൽ കൈയൊഴിഞ്ഞ് ഉറ്റവർ, ഒടുവിൽ?

Spread the love

അജ്മാൻ∙ അരനൂറ്റാണ്ടുകാലം യുഎഇയുടെ മണ്ണിൽ അധ്വാനിച്ച് സർവ്വതും നേടി, ഒടുവിൽ പ്രതിസന്ധിയുടെ കയത്തിൽ വീണപ്പോൾ സ്വന്തം ചോരപോലും കൈയൊഴിഞ്ഞ തിരുവനന്തപുരം സ്വദേശിയായ 75 വയസ്സുകാരന് ഒടുവിൽ കാരുണ്യത്തിന്റെ തണൽക്കൂട്ട്. രോഗബാധിതനായി ഷാർജയിലെ ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്തപ്പോൾ ഏറ്റെടുക്കാൻ ആരുമില്ലാതെ തെരുവിന്റെ അരികിലേക്ക് തള്ളപ്പെടുമായിരുന്ന ഈ വയോധികനെ സ്വന്തം പിതാവിനെപ്പോലെ നെഞ്ചോട് ചേർത്തിരിക്കുകയാണ് അജ്മാനിലെ സാമൂഹിക പ്രവർത്തകയായ സൽമയും ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഹികളും.

 

കഴിഞ്ഞ രണ്ടാഴ്ചയോളമായി അജ്മാനിലെ തന്റെ ചെറിയ ഫ്ലാറ്റിൽ താമസിപ്പിച്ച് ഇദ്ദേഹത്തെ പരിചരിച്ചു വരികയാണ് സൽമ. ഒരു കാലത്ത് യുഎഇയിലെ സർക്കാർ ഉദ്യോഗസ്ഥനായും പ്രമുഖ ബിസിനസുകാരനായും തിളങ്ങിനിന്ന ഇദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ പ്രവാസലോകത്തെ കരളലിയിക്കുന്ന കാഴ്ചയാണ്.

 

∙ഒപ്പമുണ്ടായിരുന്നവർ ഒഴിഞ്ഞുമാറി

അബുദാബിയിൽ സർക്കാർ ജീവനക്കാരനായിരുന്ന ഇദ്ദേഹം പിന്നീട് എയർ കണ്ടീഷണർ വ്യവസായ രംഗത്തേക്ക് ചുവടുവെക്കുകയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമൊത്ത് യുഎഇയിൽ ഉന്നത നിലയിലായിരുന്നു താമസം. മക്കളെ മൂവരെയും മികച്ച രീതിയിൽ പഠിപ്പിച്ചു, രണ്ട് മക്കൾ എൻജിനീയർമാരാണ്. എല്ലാവരുടെയും വിവാഹവും ആർഭാടമായി നടത്തിക്കൊടുത്തു. എന്നാൽ, കോവിഡ്-19 മഹാമാരിയുടെ വരവോടെ ബിസിനസിന്റെ തകർച്ച തുടങ്ങി. ഇതോടൊപ്പം ഹൃദ്രോഗവും മറ്റും ബാധിച്ച് ആരോഗ്യം ക്ഷയിച്ചതോടെ ജീവിതത്തിന്റെ താളം പൂർണമായി തെറ്റി.

 

അബുദാബിയിലെ കമ്പനിയിൽനിന്ന് വൻ തുകകൾ കിട്ടാനുണ്ടായിരുന്നെങ്കിലും അതൊന്നും ലഭിച്ചില്ല. തുടർന്ന് പരിചയക്കാരുടെ ഉപദേശപ്രകാരം ഷാർജയിൽ പുതിയ ബിസിനസ് തുടങ്ങിയെങ്കിലും അതും പച്ചപിടിച്ചില്ല. നാട്ടിൽനിന്ന് ആകെയുണ്ടായിരുന്ന ഒരുകോടിയോളം രൂപ കൊണ്ടുവന്ന് ഇറക്കിയിട്ടും ബിസിനസ് പരാജയപ്പെടുകയായിരുന്നു. ബാധ്യതകൾ ഏറിയതോടെ ഭാര്യയും മക്കളും ഇദ്ദേഹത്തെ തനിച്ചാക്കി പോയി. പണമുണ്ടായിരുന്നപ്പോൾ ഏതാവശ്യത്തിനും കൈനീട്ടിയിരുന്ന നാട്ടിലെ ബന്ധുക്കൾ പോലും ഫോൺ കോൾ പോലും എടുക്കാത്ത അവസ്ഥയായി. ഒടുവിൽ 2017ലാണ് ഇദ്ദേഹം അവസാനമായി നാട്ടിൽ പോയത്.

 

∙ആശുപത്രിപ്പടികളിൽ അനാഥനായ വയോധികൻ

അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഷാർജ ഖാസിമിയ ആശുപത്രിയിൽ ഒന്നര മാസത്തോളം ചികിത്സയിലായിരുന്നു. അവിടെനിന്ന് ഡിസ്‌ചാർജ് ചെയ്തപ്പോൾ പോകാൻ ഒരിടമില്ലാതെ വലഞ്ഞു. ഇടയ്ക്ക് ഒരു സന്നദ്ധ സംഘടന താമസിപ്പിച്ചെങ്കിലും വീണ്ടും രോഗം കലശലായതോടെ ഷാർജ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 ദിവസം മുൻപ് ഇവിടെനിന്ന് ഡിസ്‌ചാർജ് ചെയ്തപ്പോഴാണ് കൂടെക്കൂട്ടാൻ ആരുമില്ലെന്ന വിവരം സൽമയും ഗ്ലോബൽ പ്രവാസി യൂണിയൻ ഭാരവാഹികളും അറിയുന്നത്. തുടർന്ന് ഇവർ മുൻകൈയെടുത്ത് ഇദ്ദേഹത്തെ ആശുപത്രിയിൽനിന്ന് ഏറ്റെടുക്കുകയായിരുന്നു.

 

നാല് വർഷമായി ഇദ്ദേഹത്തിന്റെ പേരിലുള്ള ബിസിനസ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ട്. നിലവിൽ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. മാസങ്ങളായി കൃത്യമായ ഭക്ഷണം പോലും ലഭിക്കാതിരുന്ന ഈ വയോധികൻ ഇപ്പോൾ സൽമയുടെ പരിചരണത്തിൽ നന്നായി ഭക്ഷണം കഴിക്കുന്നുണ്ട്.

 

∙നാട്ടിലെത്തിക്കാൻ വേണം കരുണ വറ്റാത്ത മനസ്സ്

‘ഇദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകൾ തീർത്ത് നാട്ടിലെത്തിച്ചാൽ ഞാൻ നോക്കിക്കൊള്ളാം’ എന്ന് നാട്ടിലുള്ള ഏക സഹോദരി സമ്മതിച്ചിട്ടുണ്ടെന്ന് സൽമ മനോരമ ഓൺലൈനിനോട് പറഞ്ഞു. നിലവിൽ നിയമപരമായ ബാധ്യതകളും പിഴകളും തീർക്കാൻ ഏതാണ്ട് 20,000 ദിർഹം (അഞ്ച് ലക്ഷത്തോളം രൂപ) ആവശ്യമാണ്. ഈ തുക കണ്ടെത്താനായാൽ അരനൂറ്റാണ്ടുകാലം മരുഭൂമിയിൽ ചോരനീരാക്കിയ ഈ മനുഷ്യന് ജന്മനാടിന്റെ മണ്ണിൽ പ്രിയപ്പെട്ടവരുടെ അരികിൽ വിശ്രമജീവിതം നയിക്കാനാകും. മാനുഷിക പരിഗണന നൽകി ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സൽമയും ഗ്ലോബൽ പ്രവാസി യൂണിയനും.

 

പ്രതിസന്ധികളിൽ വീണുപോകുന്ന മനുഷ്യരെ ചേർത്തുപിടിക്കാൻ സൽമയെപ്പോലുള്ള നന്മവറ്റാത്ത കുറച്ചു മനുഷ്യർ ഈ പ്രവാസലോകത്ത് ബാക്കിയുണ്ട് എന്നതുമാത്രമാണ് ഇന്നും ആശ്വാസം പകരുന്ന കാര്യം. സഹായിക്കാൻ താൽപര്യമുള്ളവർക്ക് സന്നദ്ധ പ്രവർത്തകരുമായി ബന്ധപ്പെടാവുന്നതാണ്.

  • Related Posts

    തെരുവുനായ ശല്യം രൂക്ഷം; ചാക്കിലാക്കി പഞ്ചായത്ത് ഓഫീസിൽ തുറന്നുവിട്ട് നാട്ടുകാർ

    Spread the love

    Spread the loveനാസിക്: തെരുവുനായ ശല്യത്തിനെതിരെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം. നിഫാഡ് നഗർ പഞ്ചായത്ത് ചീഫ് ഓഫീസറുടെ മുറിയിലെത്തിയ യുവസേന പ്രവർത്തകർ തെരുവുനായ്ക്കളെ ഓഫീസിനുള്ളിൽ തുറന്നുവിട്ടാണ് പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  …

    ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്: ദാരാ സിങ്ങിന്റെ ജയിൽ മോചന ഹരജി തള്ളി ഒഡീഷ സർക്കാർ

    Spread the love

    Spread the loveന്യൂഡൽഹി: ആസ്ത്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ദാരാ സിങ് എന്ന രവീന്ദ്ര കുമാർ പാലിന്റെ ശിക്ഷാ ഇളവ് ഹരജി ഒഡീഷ സർക്കാർ തള്ളി. ആഗസ്റ്റ് 31ന് ചേർന്ന സ്റ്റേറ്റ്…

    Leave a Reply

    Your email address will not be published. Required fields are marked *