റേഷന്‍ കരിഞ്ചന്തയില്‍ വിറ്റു; വാങ്ങാനെത്തിയത് വിജിലൻസ്; കുടുങ്ങിയത് 4 കടയുടമകൾ

Spread the love

തിരുവനന്തപുരം ∙ തൊഴിലാളികള്‍ക്കായി കിലോക്കണക്കിനു ഭക്ഷ്യധാന്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ചില ഇടപാടുകാര്‍ എത്തിയപ്പോള്‍ കോളടിച്ചെന്നാണ് ആ റേഷന്‍ കടക്കാര്‍ വിചാരിച്ചത്. നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കോടികള്‍ മുടക്കി നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിച്ചുവിറ്റു കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ അറിഞ്ഞില്ല ഇടപാടുകാരായി വന്നതു വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്ന്.

 

ഒരു സംശയത്തിനും ഇടനല്‍കാതെ സംസ്ഥാനത്താകെ വിജിലന്‍സ് നടത്തിയ ഓപ്പറേഷനില്‍ കയ്യോടെ പിടികൂടിയത് നാല് റേഷന്‍ ഷോപ്പ് ലൈസന്‍സികളെ. ഇവരില്‍നിന്നു വിജിലന്‍സ് ഉദ്യോഗസ്ഥർ വാങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ തുടര്‍നടപടികള്‍ക്കായി അതത് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് കൈമാറി. തിരുവനന്തപുരം ബോണക്കാട്, പത്തനംതിട്ട അത്തിക്കയം, ഇടുക്കി ജില്ലയിലെ വഴിത്തല, നെടിയശാല തുടങ്ങിയ സ്ഥലങ്ങളിലെ റേഷന്‍ കടകളിലാണ് വിജിലന്‍സ് സംഘം വേഷം മാറി എത്തി തട്ടിപ്പ് പിടിച്ചത്. പല റേഷന്‍ കടകളിലും ഗുണഭോക്താക്കളുടെ റേഷന്‍ കാര്‍ഡുകള്‍ അനധികൃതമായി സൂക്ഷിച്ചതും കണ്ടെത്തിയിട്ടുണ്ട്.

 

പരിശോധന നടത്തിയ 14 എന്‍എഫ്എസ്എ ഗോഡൗണുകളില്‍ 11 ഇടങ്ങളിലും 54 റേഷന്‍ ഷോപ്പുകളില്‍ 25 എണ്ണത്തിലും രേഖകള്‍ പ്രകാരം ഉണ്ടായിരിക്കേണ്ട സ്റ്റോക്കും യഥാർഥ സ്റ്റോക്കും തമ്മില്‍ ഗണ്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തി. വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിക്കാത്ത 18,22,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും വിജിലന്‍സ് കണ്ടെത്തി. മിക്ക സ്ഥലങ്ങളിലും പല ഉപഭോക്താക്കളും ബില്‍ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ മുഴുവനായും വാങ്ങിയിട്ടില്ല ഉപഭോക്താക്കളുടെ പേരില്‍ വ്യാജമായി ബില്‍ ചെയ്ത ശേഷം ഈ ഭക്ഷ്യധാന്യം കൂടിയ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായാണ് തെളിഞ്ഞത്.

 

ബേക്കറി, ഹോട്ടല്‍, ഫാം ഉടമകൾക്ക് ഇത്തരത്തില്‍ സാധനങ്ങള്‍ മറിച്ചുവിറ്റ് ഗൂഗിള്‍പേ വഴിയാണ് പല റേഷന്‍കട ഉടമകളും പണം വാങ്ങിയിരിക്കുന്നത്. ചിലയിടങ്ങളില്‍ മണ്ണെണ്ണ മാത്രം വാങ്ങുന്ന ഉപഭോക്താക്കളുടെ പേരില്‍ ഭക്ഷ്യധാന്യങ്ങള്‍കൂടി വാങ്ങിയതായി കാണിച്ച് ബില്‍ ചെയ്തതും വിജിലന്‍സ് കണ്ടെത്തി. പലയിടത്തും എന്‍എഫ്എസ്എ ഗോഡൗണിലെ ജീവനക്കാര്‍ കരാറുകാരില്‍നിന്ന് പണം വാങ്ങിയതായി വ്യക്തമായി. സ്‌റ്റോക്കിലും വിതരണത്തിലും വലിയ ക്രമക്കേടുകളാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ അമ്മിണിക്കാടുള്ള റേഷന്‍ കടയിലെ ജീവനക്കാരന്‍, പരിയാപുരം എന്‍എഫ്എസ്എ ഗോഡൗണിന്റെ ചുമതലയുള്ള റേഷനിങ് ഇന്‍സ്‌പെക്ടര്‍ക്ക് 25,500 രൂപ ഗൂഗിള്‍ പേ വഴി അയച്ച് നല്‍കിയിട്ടുണ്ട്.

 

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *