മാനന്തവാടി ജില്ലാ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച റിമാൻഡ് തടവുകാരിയായ തൃശ്ശിലേരി ചേക്കോട്ടുകുന്ന് പ്രിയ (43) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പ്രിയയെ ജയിലിനുള്ളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. ജയിൽ അധികൃതർ ഉടൻ തന്നെ ഇവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും, പിന്നീട് സ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
വെള്ളമുണ്ടയിലെ ഒരു ബാങ്ക് ജീവനക്കാരന്റെ വീട്ടിൽ നിന്ന് 6.5 പവൻ സ്വർണം മോഷ്ടിച്ച കേസിൽ ജൂലൈ 19-നാണ് വെള്ളമുണ്ട പോലീസ് പ്രിയയെ അറസ്റ്റ് ചെയ്തത്.ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷണം പോയതിൽ 28 ഗ്രാം സ്വർണം പോലീസ് കണ്ടെടുത്തിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രിയയെ കോടതി റിമാൻഡ് ചെയ്ത് മാനന്തവാടി ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു. ജയിലിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമായത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശിലേരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.






