തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.
പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം.എംജി സർവകലാശാല മറ്റന്നാൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം നാളെ നടത്താനിരുന്ന തുല്യത പരീക്ഷയും മഴക്കെടുതി കാരണം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കാസർകോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മദ്രസകൾ ഉൾപ്പടെ മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സ്ഥാപനങ്ങൾ, ഏതെങ്കിലും രീതിയിൽ ഞായറാഴ്ച പ്രവർത്തിക്കാൻ സാധ്യതയുള്ള മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.






