കൊച്ചി ∙ നഗരത്തിൽ കോളജ് വിദ്യാർഥികൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. കടവന്ത്ര സൗത്ത് ജനതാ റോഡിലാണ് കോളജ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. തേവര സേക്രട്ട് ഹാർട്ട് കോളജ്, ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ തമ്മിലായിരുന്നു സംഘർഷം. ഏറെ നേരം നീണ്ടുനിന്ന അടിപിടിയുടെ വിഡിയോ ദൃശ്യങ്ങളും പ്രചരിച്ചു.
തേവര എസ്എച്ച് കോളജിൽ നടന്ന പരിപാടിക്കിടെ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി വൈകിട്ട് നാലു മണിയോടെ ജനതാ റോഡിലെ കഫെറ്റീരിയക്ക് മുന്നിൽ വച്ച് ഇരുവിഭാഗവും വീണ്ടും കണ്ടുമുട്ടിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
സംഭവത്തിൽ നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.





