തിരുവനന്തപുരം: വില ലക്ഷത്തിലേറെ കത്തിനിൽക്കുമ്പോഴും സ്വർണത്തോടോ പണത്തോടെ താൽപര്യമില്ലാത്തൊരു കള്ളനുണ്ട് തിരുവനന്തപുരത്ത്. മോഷ്ടിക്കാൻ കയറിയാൽ എടുക്കുന്നത് മുഴുവനും അടുക്കളസാധനങ്ങൾ മാത്രം. പിഎംജിയിലെ പി.ഡബ്ല്യൂ.ഡി കാന്റീനിൽ കയറി പതിവായി എണ്ണയും പലവ്യജ്ഞനങ്ങളും മോഷ്ടിക്കുന്ന കള്ളനെ പിടിക്കാൻ പാടുപെടുകയാണ് പോലീസ്.
കാന്റീനിൽ സ്ഥിരമായി കള്ളനെത്തുന്നതായി രണ്ടുമാസം മുൻപാണ് ശ്രദ്ധയിൽപെട്ടത്. ശനിയാഴ്ചയാണ് കള്ളൻ കയറുന്നത്. ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച രാവിലെ ജോലിക്കാർ എത്തുമ്പോൾ മാത്രമാണ് മോഷണവിവരം പുറത്തറിയുക. എണ്ണ, മാസാലകൾ, പരിപ്പ്, ഉള്ളി, കുരുമുളക്, പരിപ്പ് തുടങ്ങി പാചകസാധനങ്ങളെല്ലാം മോഷ്ടിക്കും. ആഴ്ചയിൽ നാലായിരം രൂപയുടെ സാധനങ്ങളാണ് ഇത്തരത്തിൽ മോഷണം പോവുന്നത്.
കാന്റീൻ കെട്ടിടത്തിൽ തന്നെ സൂക്ഷിച്ച താക്കോലെടുത്താണ് കള്ളൻ അകത്തുകയറുന്നത്. ഹെൽമെറ്റ് ധരിച്ച് അകത്തുകയറുന്ന കള്ളൻ സിസിടിവിയും ദിശതിരിച്ചുവെച്ചാണ് മോഷണം. തിരിച്ചുപോകുമ്പോൾ സിസിടിവി പഴയ രീതിയിലേക്ക് മാറ്റുകയും ചെയ്യും. അടുത്തിടെ മോഷ്ടിക്കാൻ കള്ളൻ അകത്തുകയറിയപ്പോൾ കാന്റീൻ ഉടമയെത്തി കാന്റീൻ ഡോർ പുറത്തുനിന്ന് പൂട്ടിയിട്ടു. എന്നാൽ കാന്റീനുള്ളിലെ ലേഡീസ് റൂമിലെ ജനൽ തകർത്ത് രക്ഷപ്പെട്ടു. മോഷണത്തിനിടെ വീഴുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.






