പേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു. വാഹനത്തിനുള്ളിൽ അകപ്പെട്ട ഭാസ്കരനെ പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്.
പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യ: സുധർമ. മക്കൾ: സുധീഷ് (ഡ്രൈവർ, പേരാമ്പ്ര), അനു (കോടേരിച്ചാൽ). മരുമക്കൾ: വിനോദൻ (കോടേരിച്ചാൽ), ശിൽപ (കുറ്റ്യാടി).





