ആധാറിലെ തെറ്റ്, പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി: കേരളത്തിനു ചുമത്തിയത് തീർത്താൽ തീരാത്ത പിഴ

Spread the love

ആലപ്പുഴ: ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) ചുമത്തിയത് കോടികളുടെ പിഴ. നാലുവർഷമായി സേവനകേന്ദ്രങ്ങൾക്കു പ്രതിഫലമായി കിട്ടേണ്ട 13 കോടിയോളം രൂപ പിടിച്ചെടുത്തെങ്കിലും പിഴക്കുടിശ്ശിക തീർന്നില്ല. ഇതോടെ, ആധാർ രജിസ്ട്രേഷനും നിർബന്ധ പുതുക്കലിനും ഒരുരൂപപോലും കിട്ടാത്ത സ്ഥിതിയിലാണ് സേവനകേന്ദ്രങ്ങൾ.

 

ആധാർ എടുക്കുന്നതിനും നിർബന്ധ പുതുക്കലിനും ജനങ്ങളിൽനിന്ന് സേവനകേന്ദ്രങ്ങൾക്കു പണം ഈടാക്കാനാകില്ല. പകരം, പ്രതിഫലം യു.ഐ.ഡി.എ.ഐ. സംസ്ഥാന ഐ.ടി. മിഷൻ വഴി സേവനകേന്ദ്രങ്ങൾക്കു നൽകുകയാണു പതിവ്. എന്നാൽ, ആധാർ അപേക്ഷകളിൽ വരുത്തിയ പിഴവിന്റെ പേരിൽ 2022 ഡിസംബർ മുതൽ പ്രതിഫലം തടയുകയായിരുന്നു.

 

പിഴത്തുക ഇനിയുമുള്ളതിനാൽ പ്രതിഫലം നൽകുന്നത് പുനരാരംഭിച്ചിട്ടില്ല. ഒരു ആധാർ അപേക്ഷ തെറ്റുമൂലം നിരസിക്കപ്പെട്ടാൽ ആദ്യം 25 രൂപയായിരുന്നു പിഴ. തെറ്റു കൂടിയതോടെ അത് ഒറ്റയടിക്ക് 1,000 രൂപയാക്കി. ഒരാധാർ അപേക്ഷ പൂർത്തിയാക്കുന്നതിന് യു.ഐ.ഡി.എ.ഐ. 50 രൂപയാണു സേവനകേന്ദ്രങ്ങൾക്കു നൽകുന്നത്.

 

വരുമാനവും പിഴത്തുകയും തമ്മിലുള്ള അന്തരംകൂടിയതും കുടിശ്ശിക തീരാത്തതിനു കാരണമായി. സംസ്ഥാന സർക്കാർ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.

 

അക്ഷയകേന്ദ്രം, ബാങ്ക്, പോസ്റ്റോഫീസ്, തിരഞ്ഞെടുക്കപ്പെട്ട സി.എസ്.സി. കേന്ദ്രങ്ങൾ എന്നിവയാണു സംസ്ഥാനത്ത് ആധാർ സേവനം നൽകുന്നത്. കൂടുതൽ സേവനം നൽകുന്നത് അക്ഷയകേന്ദ്രങ്ങളാണ്. അതിനാൽ പ്രതിഫലം കിട്ടാത്തത് അക്ഷയ സംരംഭകരെയാണ് ഏറെ ബാധിക്കുന്നത്.

 

പിഴക്കുടിശ്ശിക തീരാറായിട്ടുണ്ടെന്നും പ്രതിഫലം താമസിയാതെ പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ആധാർ ഇംപ്ലിമെന്റേഷൻ അധികൃതർ വ്യക്തമാക്കി.

 

പിടിച്ചെടുത്ത പ്രതിഫലം തിരിച്ചുനൽകണം

 

‘ആധാർ നിർബന്ധ പുതുക്കലുമായി ബന്ധപ്പെട്ട പ്രതിഫലം കിട്ടാതെ പിടിച്ചുനിൽക്കാനാകില്ല. ജീവനക്കാർക്കു ശമ്പളം കൊടുക്കാൻവരെ ബുദ്ധിമുട്ടുകയാണ്. യു.ഐ.ഡി.എ.ഐ.യുടെ വീഴ്ചമൂലമുണ്ടായ തകരാറിനും സേവനകേന്ദ്രങ്ങളിൽനിന്നു പിഴയീടാക്കിയതു ശരിയല്ല. പിടിച്ചെടുത്ത മുഴുവൻ പ്രതിഫലവും തിരിച്ചുനൽകണം.’- ഫോറം ഓഫ് അക്ഷയ സെന്റർ ഓൺട്രപ്രനേഴ്സ് (ഫെയ്സ്) സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ ആവശ്യപ്പെട്ടു.

  • Related Posts

    വിദ്യാർഥികൾക്ക് എംഡിഎംഎ വിൽപന: കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

    Spread the love

    Spread the loveനിലമ്പൂർ: കലാലയങ്ങളിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തിവന്ന കോളജ് അധ്യാപകൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മമ്പാട് എം.ഇ.എസ്. കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം താത്കാലിക അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, എടവണ്ണ സ്വദേശിനി…

    മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസ്: പ്രോസിക്യൂഷൻ അനുമതിയിൽ വ്യത്യസ്ത നിലപാട്; വിമർശിച്ച് കോടതി

    Spread the love

    Spread the loveകൊച്ചി ∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാ‍ന്‍സ് തട്ടിപ്പു കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച് സർക്കാരും പ്രോസിക്യൂട്ടറും സ്വീകരിച്ച വ്യത്യസ്ത നിലപാടുകളില്‍ ഹൈക്കോടതി വിമർശനം. സ്വാധീനമുള്ള വ്യക്തികൾ ഉൾപ്പെടുന്ന ഇത്തരം കേസുകളിൽ അനാസ്ഥയും വിചിത്രമായ തന്ത്രങ്ങളും കാണുന്നത് അംഗീകരിക്കാനാവില്ലെന്നു…

    Leave a Reply

    Your email address will not be published. Required fields are marked *