കൊച്ചി ∙ കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ് വീട്ടിൽ വരുൺ ദേവ് (35) കേരളത്തിലേക്ക് ഡൽഹിയിൽ നിന്ന് രാസലഹരി എത്തിക്കുന്നതിലെ പ്രമുഖൻ. ‘എക്സ്’ എന്നും ‘ബോസ്’ എന്നുമൊക്കെ ഇടനിലക്കാർക്കിടയിൽ അറിയപ്പെട്ടിരുന്ന വരുൺ ദേവ് ലഹരി കടത്തിയതാവട്ടെ, വണ്ടിക്കച്ചവടത്തിന്റെ മറവിലും. ഡൽഹി–രാജസ്ഥാൻ അതിർത്തിയിൽ നിന്ന് വാങ്ങി കോട്ടയത്ത് എത്തിച്ച് പിന്നീട് കൊച്ചി അടക്കമുള്ള നഗരങ്ങളിലേക്ക് ഇടനിലക്കാർ വഴി ചില്ലറ വിതരണം നടത്തുന്നതായിരുന്നു ഇയാളുടെ രീതി. നഗരത്തിലെ പല ആഡംബര കൂട്ടായ്മകൾക്കും ലഹരി എത്തിയിരുന്നതിന്റെ യഥാർഥ ഉറവിടം വരുൺ ദേവാണെന്നാണ് എക്സൈസ് പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് എത്താൻ കഴിയുമെന്നും എക്സൈസ് കരുതുന്നു.
∙ബെംഗളുരുവിന് പകരം ഡൽഹിയിെല ‘ചീപ്പ്’ ലഹരി?
കേരളത്തിൽ രാസലഹരി എത്തിയിരുന്നത് പ്രധാനമായും ബെംഗളുരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നായിരുന്നു. എന്നാൽ കേരളത്തിൽ എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയതോടെ ബെംഗളുരുവിൽ നിന്നെത്തുന്ന രാസലഹരിക്ക് വില കൂടി. ഇതോടെ, പ്രമുഖ ലഹരി കടത്തുകാരുടെ ശ്രദ്ധ കൂടുതലായി ഡൽഹിയിലേക്കായി. ബെംഗളൂരുവിൽ നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെയുള്ള വൻകിട ശൃംഖലകളിൽ നിന്ന് ഗ്രാമിന് 800 രൂപ മുതൽ 1,500 രൂപ വരെ നിരക്കിലാണ് മൊത്തമായി ലഹരി വാങ്ങുന്നത്. ഗുണനിലവാരവും അളവും അനുസരിച്ച് ഇത് 2,000 രൂപ വരെയാകാം. ശരാശരി ഗ്രാമിന് 1,000 രൂപ നിരക്കിൽ കേരളത്തിലെത്തിക്കുന്ന എംഡിഎംഎ 3 മുതൽ 5 ഇരട്ടി വരെ ലാഭത്തിൽ 3,000 മുതൽ 6,000 രൂപ വരെ നിരക്കിലാണ് ചില്ലറ വില്‍പ്പന നടത്തുന്നത്. ഡിജെ പാർട്ടികളിലും എറണാകുളം, കോഴിക്കോട് തുടങ്ങിയ നഗരമേഖലകളിലും ഇത് ഗ്രാമിന് 10,000 മുതൽ 15,000 രൂപ വരെയുള്ള നിരക്കിൽ വിറ്റ കേസുകളുമുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ കേരളത്തിൽ പരിശോധന കൂട്ടിയതോടെ ബെംഗളുരുവിൽ നിന്നെത്തുന്ന ലഹരിക്ക് വില വർധിച്ചു. മൂന്നും നാലും ഇടനിലക്കാർ കടന്നാണ് ആവശ്യക്കാരിലേക്ക് ലഹരി എത്തുന്നത് എന്നതിനാൽ ഇതോടെ വില കുതിച്ചു കയറി. ഈ സാഹചര്യത്തിലാണ് മറ്റ് മാർഗങ്ങളെ ലഹരി കടത്തുസംഘം കൂടുതലായി ആശ്രയിക്കുന്നത്.
ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘങ്ങളിൽ നിന്ന് നേരിട്ട് വൻതോതിൽ ലഭിക്കുന്നതിനാൽ ഡൽഹിയിലെ വാങ്ങൽ വില ഗ്രാമിന് 500 മുതൽ 1,000 രൂപ വരെ മാത്രമാണ്. ഡൽഹി-രാജസ്ഥാൻ അതിർത്തി മേഖലകളിൽ 300–500 രൂപ നിരക്കിലും രാസലഹരി മൊത്തമായി ലഭിക്കാറുണ്ട്. ഇങ്ങനെ കുറഞ്ഞ നിരക്കിൽ കേരളത്തിലെത്തിക്കുന്ന ലഹരിക്ക് 4 മുതൽ 6 ഇരട്ടി വരെയാണ് ലാഭം. ദീർഘദൂര ട്രെയിനുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവ വഴിയും പെൺകുട്ടികളെ പ്രധാന കാരിയർമാരാക്കി സുരക്ഷാ പരിശോധനകൾ ഒഴിവാക്കിയും ഡൽഹിയിൽ നിന്നുള്ള ലഹരി കടത്ത് വർധിച്ചിട്ടുണ്ട്. ഡൽഹി – രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് വരുൺ ദേവും എംഡിഎംഎ വാങ്ങിയത്. തന്റെ സ്വകാര്യ വാഹനത്തിലാണ് ഇത് കേരളത്തിൽ എത്തിച്ചതും.
∙ ലാഭം കോടികൾ; വണ്ടിക്കച്ചവടം മറയാക്കി അരുൺദേവ്
ഡൽഹി വിപണിയിലെ വൻ ലാഭം മുതലെടുത്താണ് വരുൺദേവ് കോടികളുടെ ഇടപാട് നടത്തിയിരുന്നത്. ലഹരി കടത്തിലൂടെ വരുൺദേവ് കോടികൾ സമ്പാദിച്ചതായാണ് വിവരം. ലഹരി വിൽപ്പനയിൽ നേരിട്ട് പങ്കില്ലെങ്കിലും വരുൺദേവ് സമ്പാദിച്ച വൻ സ്വത്തുക്കൾ നോക്കിനടത്തുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ കോട്ടയത്തുള്ള യുവനേതാവാണെന്നും സൂചനയുണ്ട്. സാമ്പത്തിക സ്രോതസ് വെളിപ്പെടാതിരിക്കാൻ വണ്ടിക്കച്ചവടത്തിന്റെ മറവിലായിരുന്നു പ്രവർത്തനം. ഡൽഹിയിൽ നിന്ന് വാഹനത്തിൽ വരുന്ന സംഘം പകൽ 11 മണിയോടെ പാലക്കാട് അതിർത്തി കടക്കും. ഉച്ചയ്ക്ക് 2 മണിയോടെ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന സംഭരണ കേന്ദ്രങ്ങളിൽ ലഹരി എത്തിക്കും. ഇവിടെ നിന്ന് വിശ്വസ്തരായ ഇടനിലക്കാർ വഴിയാണ് കൊച്ചിയിലെ വിൽപനക്കാരിലേക്ക് ലഹരി കുറച്ചു വീതം എത്തിച്ചിരുന്നത്. ‘ബോസ്’ വരുൺ ദേവ് സാധാരണ നേരിട്ട് കച്ചവടത്തിന് ഇറങ്ങാറില്ല. എന്നാല്‍ ചില കൂട്ടാളികൾ പിടിയിലായതോടെ നേരിട്ട് ഇറങ്ങിയതാണ് ഇത്തവണ പിടിവീഴാനുള്ള കാരണങ്ങളിലൊന്നും.
മുമ്പ് കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ വച്ച് ഡോക്ടർമാരും അഭിഭാഷകരും അടങ്ങുന്ന എട്ടംഗ സംഘത്തിന് ലഹരി എത്തിച്ചു നൽകിയതിന് പിടിയിലായ ലഹരി സംഘത്തലവൻ തൊടുപുഴ സ്വദേശി കെവിൻ ബി.മാത്യു വരുണിന്റെ ഇടനിലക്കാരിൽ നിന്നാണ് ലഹരി വാങ്ങിയിരുന്നത്. കെവിൻ പിടിയിലായതോടെ ഇയാളുടെ സംഘത്തിലെ പ്രധാനിയായ മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവ് മുഹമ്മദ് സാദിഖ് കച്ചവടം ഏറ്റെടുത്തിരുന്നു. സിനിമാ മേഖലയിൽ ഉള്‍പ്പെടെയുള്ളവർ സാദിഖിൽ നിന്ന് എംഡിഎംഎ വാങ്ങിയിരുന്നു. പിന്നാലെ സാദിഖും പിടിയിലായി. വരുൺദേവിൽ തുടങ്ങിയ ഈ ലഹരി ശൃംഖലയുടെ വേരുകൾ കൊച്ചിയിലെ ആഡംബര പാർട്ടികളിലേക്കും സിനിമാ മേഖലയിലുള്ളവരിലേക്കും വരെ എത്തിയിരുന്നു.
∙ ഓണക്കാലത്ത് ലക്ഷ്യമിട്ടത് 4 കോടിയുടെ കച്ചവടം
ഒരു തവണ ഡൽഹിയിൽ നിന്ന് ലഹരി എത്തിക്കുമ്പോൾ 4 കോടിയിലധികം രൂപയുടെ ലാഭമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ഓണക്കാലത്ത് 5 കിലോയോളം എംഡിഎംഎ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ കലൂരിലെ ആഡംബര ഹോട്ടൽ മുറിയിൽ നിന്ന് 49 ഗ്രാം എംഡിഎംഎയുമായി പറവൂർ മന്നം സ്വദേശി സിദ്ധിഖ് (27), പെൺസുഹൃത്ത് ഫിനല മരിയ ഡി റോസാരിയോ (18) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തതോടെ ഈ പദ്ധതി പൊളിഞ്ഞു. ചോദ്യം ചെയ്യലിൽ കോട്ടയത്തു നിന്ന് ലഹരിയുമായി ഒരു വാഹനം എത്തുന്ന വിവരം എക്സൈസിന് ലഭിച്ചു. തുടർന്ന് വൈറ്റിലയിൽ വച്ച് വരുൺ ദേവ്, കൂട്ടാളി തിരുവല്ല മുത്തൂർക്കരയിൽ മുളയ്ക്കൽ വീട്ടിൽ വിപിൻ എസ് കുമാർ (30) എന്നിവരെ വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. വാഹനത്തിന്റെ സ്റ്റിയറിങ്ങിനടിയിൽ ഒളിപ്പിച്ച 232 ഗ്രാം ഉൾപ്പെടെ ആകെ 281 ഗ്രാം എംഡിഎംഎയും 69,425 രൂപയുമാണ് നിലവിൽ ഈ സംഘത്തിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തിട്ടുള്ളത്. വരുൺ ദേവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും കൂട്ടാളികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുമാണ് അടുത്ത നടപടി.






