കൊല്ലം∙ കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്സിനെയും സുരക്ഷാ ജീവനക്കാരെയും മദ്യപസംഘം മർദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. പടപ്പക്കര സ്വദേശികളായ റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യും.
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. തലയ്ക്കു മുറിവേറ്റ സുഹൃത്തിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയവർ അത്യാഹിത വിഭാഗത്തിലെ നഴ്സ് ധന്യയെ മർദിക്കുകയായിരുന്നു. ധന്യയുടെ കഴുത്തിന് കുത്തി പിടിക്കുകയും നടുവിന് ചവിട്ടി വീഴ്ത്തുകയും ചെയ്തു. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും പ്രതികൾ ആക്രമിച്ചു. പരുക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക, കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുക, സ്റ്റാഫുകളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.








