വാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ ആരോപണം. യുഎസ് പൗരത്വമുള്ള ബേഡി ഇന്ത്യയിലേക്ക് കടന്നതായി എഫ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 1,50,000 ഡോളർ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.
∙ ആരാണ് മൻജിത് സിങ് ബേഡി?
വാഷിങ്ടനിലെ ടാക്കോമയിൽ ‘ഏഷ്യൻ ഗ്രോസറി സ്റ്റോർ’ എന്ന പേരിൽ കട നടത്തിവരികയായിരുന്നു ബേഡി. സാധാരണക്കാർക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിന് സഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം. ഈ പദ്ധതിയിലൂടെ വിതരണം ചെയ്ത ഇബിടി കാർഡുകൾ വഴി ആളുകൾക്ക് ഭക്ഷണം വാങ്ങാം. കാർഡിലേക്ക് സർക്കാർ പണം കൈമാറും.
പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഇബിടി കാർഡിലൂടെ ഭക്ഷണം വിറ്റതായി മൻജിത് സിങ് ബേഡി രേഖകളിൽ കാണിച്ചു. എന്നാൽ ഭക്ഷണം നൽകുന്നതിന് പകരം, അവരുടെ കാർഡുകൾ സ്വൈപ്പ് ചെയ്ത് പണം നൽകി. പകുതി തുക ബേഡിയും സ്വന്തമാക്കി. തട്ടിപ്പു കണ്ടെത്തി കേസ് എടുത്തതോടെ കോടതിയിൽ ഹാജരാകാൻ ബേഡിക്ക് അധികൃതർ നിർദേശം നൽകി. എന്നാൽ, കാനഡ അതിർത്തി വഴി ഇയാൾ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെന്ന് എഫ്ബിഐ പറയുന്നു. ബേഡി ഉൾപ്പെടെ ആകെ 12 പേരാണ് നിലവിൽ ഈ പട്ടികയിലുള്ളത്.







