കൊല്ലം∙ കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുത്തൻതെരുവ് ആദിനാട് കിഴക്കേത്തറയിൽ സൽമാൻ (22) ആണ് അറസ്റ്റിലായത്. തൈക്കാവിനു സമീപം ചെമ്പകശേരി ആമിന മൻസിലിൽ അബ്ദുൽ മുജീബ് ആണ് കൊല്ലപ്പെട്ടത്. പുത്തൻതെരുവിന് സമീപം തിരുവോണ നാളിലായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ സൽമാൻ വഴിയരികിലെ കടവരാന്തയിൽ നിന്ന് അസഭ്യം പറഞ്ഞതിനെ അബ്ദുൽ മുജീബ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ സൽമാൻ കൈ ചുരുട്ടി അബ്ദുൽ മുജീബിന്റെ തലയിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മുജീബ് അബോധാവസ്ഥയിലായി. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ഇന്ന് ഉച്ചയോടെയാണ് മരണം.
ആക്രമണത്തിനു പിന്നാലെ ഒളിവിൽ പോയ സൽമാനെ ഇന്ന് വൈകുന്നേരത്തോടെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സൽമാൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ തടവ് ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് കൊലപാതകം.






