കാൺപൂർ∙ ഉത്തർപ്രദേശിൽ വ്യാപാരിയെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി മരുമകൾ. കാണ്‍പൂർ സ്വദേശിയായ മരുന്ന് വ്യാപാരി വിനീത് മിനോച്ച(63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൾ ഷാലുവിനെയും കൊല നടത്തിയ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിനീതിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് അന്നുതന്നെ പൊലീസ് പ്രതികളെ കണ്ടെത്തിയിരുന്നു. വീട്ടിലെ മുൻ ജീവനക്കാരനായ വിശാൽ ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. ഞായറാഴ്ച വൈകിട്ടോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിൽ വിനീതിന്റെ മരുമകൾ ഷാലു (36) ആവശ്യപ്പെട്ടിട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പറഞ്ഞു.
പിന്നാലെ പൊലീസ് ഷാലുവിനെ കസ്റ്റഡിയിലെടുത്തു. ആദ്യം യുവതി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. ഭർതൃപിതാവ് തന്നെ സിസിടിവി വഴി നിരന്തരം നിരീക്ഷിച്ചിരുന്നെന്നും രാത്രി വൈകിയുള്ള പാർട്ടികളിൽ പങ്കെടുക്കുന്നതിനെയും വൈകി വീട്ടിൽ വരുന്നതിനെയും അദ്ദേഹം എതിർത്തിരുന്നുവെന്നും ഷാലു പൊലീസിനോട് പറഞ്ഞു. ഒരു സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നിട്ടും വീട്ടിലെ സാമ്പത്തിക കാര്യങ്ങളിൽ തനിക്ക് വലിയ നിയന്ത്രണമുണ്ടായിരുന്നില്ലെന്നും തനിക്കും ഭർത്താവിനും ആവശ്യമായ പണം എപ്പോഴും ഭർതൃപിതാവിനോട് ചോദിക്കേണ്ടി വന്നിരുന്നെന്നും അവർ പറഞ്ഞു.
ജൂലൈ 28-ാം തീയതി രാത്രി വൈകി വീട്ടിലെത്തിയ ഷാലുവിനെ ഭർതൃപിതാവ് വഴക്കുപറഞ്ഞിരുന്നു. ഇതോടെയാണ് ഇയാളെ കൊലപ്പെടുത്താമെന്ന് യുവതി കരുതിയത്. ഭർതൃപിതാവിനെ കൊല്ലാനായി വീട്ടിലെ മുൻ ജീവനക്കാരനായ വിശാലിനെയാണ് ഷാലു സമീപിച്ചത്. ഇയാൾക്ക് ആറ് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. സെപ്റ്റംബർ 6-ന് രണ്ട് ലക്ഷം രൂപ നൽകി.
ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിച്ച് ഷാലു വിശാലിന് കൈമാറി. ഇതുപയോഗിച്ചാണ് വിശാലും രാജ് കിഷോറും വീട്ടിനുള്ളിൽ കയറിയത്. കൊലപാതക സമയത്ത് ഷാലു ഭർത്താവിനും മകൾക്കുമൊപ്പം പുറത്തുപോയിരുന്നു. ശ്വാസം മുട്ടിച്ച് വിനീതിനെ കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അത് നടപ്പിലാകാതെ വന്നതോടെയാണ് കത്തി ഉപയോഗിച്ച് കൊന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. വിനീതിന് 26 കുത്തേറ്റിട്ടുണ്ട്.







