ഫ്രിഡ്ജിൽ ഭക്ഷണം എത്ര ദിവസം വരെ സുരക്ഷിതമാണ്? ഓരോന്നിനും കാലാവധി വ്യത്യസ്തം

Spread the love

ഭക്ഷണം ഫ്രിഡ്ജിൽ വെച്ചിട്ടുണ്ടെങ്കിൽ അത് എത്ര ദിവസം വേണമെങ്കിലും ഫ്രഷ് ആയി ഇരുന്നോളുമെന്നൊരു തെറ്റിദ്ധാരണ മിക്കവർക്കുമുണ്ട്. എന്നാൽ ശരിയായ താപനിലയിലാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും ഓരോ ഭക്ഷണത്തിനും ആരോഗ്യകരമായി ഉപയോഗിക്കാവുന്ന ഒരു സമയപരിധിയുണ്ട്.

 

സാധാരണയായി, ബാക്കിയായ ഭക്ഷണം മൂന്ന് മുതൽ നാല് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ ഭക്ഷണം എത്ര വേഗത്തിൽ ഫ്രിഡ്ജിൽ വച്ചു, താപനില എത്രയായിരുന്നു, എങ്ങനെ പാക്ക് ചെയ്തു, ഭക്ഷണം എത്ര തവണ പുറത്തെടുത്തു വെച്ചു തുടങ്ങിയ കാര്യങ്ങളും സുരക്ഷയെ ബാധിക്കും.

 

ഫ്രിഡ്ജിന്റെ താപനില എത്രയായിരിക്കണം?

ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാൻ ഫ്രിഡ്ജിന്റെ താപനില 4°C അല്ലെങ്കിൽ അതിൽ താഴെ ആയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ പറയുന്നത്. ഫ്രീസറിന്റെ താപനില ഏകദേശം -18°C (0°F) ആയിരിക്കണം. ഫ്രിഡ്ജിന്റെ താപനില വെറും കൺട്രോൾ നോബ് നോക്കി മനസ്സിലാക്കുന്നതിനേക്കാൾ ഒരു അപ്ലൈൻസ് തെ‍ർമോമീറ്റ‍ർ ഉപയോഗിച്ച് പരിശോധിക്കുന്നത് കൂടുതൽ കൃത്യമായിരിക്കും.

 

ചോറ് ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?

ബാക്കി വന്ന ചോറ് വളരെ നേരം പുറത്തുവെച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുന്നത് സുരക്ഷിതമല്ല. പാചകം ചെയ്ത ഭക്ഷണം കഴിയുന്നത്ര വേഗത്തിൽ തണുപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കണം. ചോറ് ഉൾപ്പെടെയുള്ള പാചകം ചെയ്ത ബാക്കി ഭക്ഷണത്തിന് പൊതുവെ മൂന്നോ നാലോ ദിവസമാണ് സുരക്ഷിതമായ സംഭരണ കാലായളവ്. വലിയ അളവിൽ ചോറ് ഒരൊറ്റ വലിയ പാത്രത്തിൽ വയ്ക്കുന്നതിനു പകരം ചെറിയ, ആഴം കുറഞ്ഞ പാത്രങ്ങളിൽ വിഭജിച്ച് ഫ്രിഡ്ജിൽ വയ്ക്കുന്നത് വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കും.

 

കറികൾ എത്ര ദിവസം?

പരിപ്പ് കറി, സാമ്പാർ, സ്റ്റ്യൂ, മാംസം ചേർത്ത കറി തുടങ്ങിയ പാചകം ചെയ്ത ഭക്ഷണങ്ങൾ സാധാരണയായി 3–4 ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. പ്രത്യേകിച്ച് മാംസം, മീൻ എന്നിവ കൂടുതൽ നേരം സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. പച്ചമീനോ ചിക്കനോ വാങ്ങി ഫ്രിഡ്ജിൽ ഒരാഴ്ച വരെ സൂക്ഷിക്കുന്നത് സുരക്ഷിതമായ രീതിയല്ല. ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

 

മുട്ട എത്ര ദിവസം?

പച്ച മുട്ട മൂന്ന് മുതൽ 5 ആഴ്ച വരെ ഫ്രിഡ്ജിൽ സുരക്ഷിതമായി സൂക്ഷിക്കാം. എന്നാൽ പൊട്ടിയ മുട്ടയോ മണത്തിലോ രുചിയിലോ വ്യത്യാസമുണ്ടെങ്കിൽ കാലാവധി മാത്രം നോക്കി ഉപയോഗിക്കരുത്.

 

പാൽ, തൈര്?

പാൽ, തൈര് പോലുള്ള പാൽ ഉൽപ്പന്നങ്ങൾക്ക് പാക്കറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പ്രധാനമാണ്. പാക്കറ്റ് തുറന്ന ശേഷം എത്ര ദിവസം ഉപയോഗിക്കാമെന്നത് ഉൽപ്പന്നത്തിനനുസരിച്ച് മാറാം. ഫ്രിഡ്ജിൽ വെച്ചതു കൊണ്ട് മാത്രം പാൽ കേടാകാതിരിക്കില്ല. ഫ്രിഡ്ജ് ആവശ്യമായ തണുപ്പിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും പാക്കറ്റ് ശരിയായി അടച്ചിട്ടുണ്ടോ എന്നും ശ്രദ്ധിക്കണം.

 

ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങൾ

ഭക്ഷണം മണിക്കൂറുകളോളം പുറത്തുവെച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് സുരക്ഷിതമല്ല. പാചകം ചെയ്ത ബാക്കി ഭക്ഷണം സാധാരണയായി രണ്ട് മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കണം. അന്തരീക്ഷ താപനില 32°C-ന് മുകളിലാണെങ്കിൽ ഒരു മണിക്കൂറായി കുറയ്ക്കണം.

 

ഫ്രിഡ്ജിൽ നിന്ന് ഭക്ഷണം പുറത്തെടുത്ത് ഏറെ നേരം മേശപ്പുറത്ത് വച്ച ശേഷം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കുന്നത് ഒഴിവാക്കണം.

 

പൂപ്പൽ കണ്ട ഭക്ഷണം സുരക്ഷിതമാക്കാൻ മുകളിലെ പൂപ്പൽ മാത്രം നീക്കം ചെയ്ത് ബാക്കി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിലായിരുന്നാലും പൂപ്പൽ വളരാം. പൂപ്പൽ കണ്ട ഭക്ഷണം ഉപേക്ഷിക്കണമെന്നാണ് FDAയുടെ സുരക്ഷാ നിർദേശം.

 

ഫ്രിഡ്ജിൽ ഭക്ഷണം എങ്ങനെ സൂക്ഷിക്കണം?

ഭക്ഷണം തുറന്ന പാത്രത്തിൽ വയ്ക്കാതെ എയർടൈറ്റ് ആയ പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

 

ഭക്ഷണം വലിയ അളവിൽ ഉണ്ടെങ്കിൽ അത് ചെറിയ പാത്രങ്ങളിലാക്കി സൂക്ഷിക്കുന്നത് വേഗത്തിൽ തണുപ്പിക്കാൻ സഹായിക്കും.

 

ഫ്രിഡ്ജില്‌ അനാവശ്യമായി സാധനങ്ങൾ കുത്തിനിറയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. തണുത്ത വായു സഞ്ചരിക്കാനുള്ള ഇട വേണം. ഫ്രിഡ്ജ് അമിതമായി നിറച്ചാൽ തണുപ്പ് ശരിയായി എല്ലായിടത്തും എത്തില്ല.

 

പച്ച മീൻ, മാംസം, റെഡി-ടു-ഈറ്റ് ഭക്ഷണവും വേർതിരിച്ചു വയ്ക്കണം.

 

വലിയ അളവിൽ ഭക്ഷണം പാചകം ചെയ്യുന്നവർ പാത്രത്തിൽ പാചകം ചെയ്ത തീയതി രേഖപ്പെടുത്തിയാൽ എത്ര ദിവസം കഴിഞ്ഞുവെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.

 

ഫ്രിഡ്ജിൽ വെച്ച ഭക്ഷണം ചൂടാക്കി കഴിക്കുമ്പോൾ

ബാക്കി ഭക്ഷണം വീണ്ടും കഴിക്കുമ്പോൾ നന്നായി ചൂടാക്കണം. USDA/FDA മാർഗനിർദേശങ്ങൾ പ്രകാരം leftovers 74°C (165°F) വരെ വീണ്ടും ചൂടാക്കുന്നതാണ് സുരക്ഷിതമായ രീതി.

 

മൈക്രോവേവിൽ ചൂടാക്കുകയാണെങ്കിൽ ഭക്ഷണം എല്ലായിടത്തും ഒരുപോലെ ചൂടാകുന്നുണ്ടെന്ന് ഉറപ്പാക്കണം. കറി, സൂപ്പ് തുടങ്ങിയവ നന്നായി ചൂടാക്കുന്നതും പ്രധാനമാണ്.

 

പവർ പോയാൽ ഫ്രിഡ്ജിലെ ഭക്ഷണം എന്തുചെയ്യണം?

വൈദ്യുതി പോയാൽ ഫ്രിഡ്ജിന്റെ വാതിൽ ആവർത്തിച്ച് തുറക്കാതിരിക്കുക. വാതിൽ അടച്ചുവെച്ചാൽ സാധാരണയായി ഫ്രിഡ്ജിനുള്ളിലെ തണുപ്പ് ഏകദേശം നാല് മണിക്കൂർ വരെ നിലനിർത്താൻ കഴിയും.

 

  • Related Posts

    ആഴ്ചയിലൊരിക്കൽ ബെഡ്ഷീറ്റ് മാത്രം കഴുകിയിട്ട് കാര്യമില്ല, കിടക്കയും തലയിണയും എപ്പോൾ വൃത്തിയാക്കണം?

    Spread the love

    Spread the loveദിവസവും ഉപയോഗിക്കുന്ന കിടക്കയും തലയിണയും വൃത്തിയായി സൂക്ഷിക്കേണ്ടത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ പലരും ബെഡ്ഷീറ്റ് ഇടയ്ക്കിടെ മാറ്റുന്നതിൽ മാത്രം ശ്രദ്ധിക്കുകയും കിടക്ക, മെത്ത, തലയിണ, തലയിണയ്ക്കുള്ളിലെ ഫില്ലിങ് എന്നിവ വൃത്തിയാക്കുന്നതിനെക്കുറിച്ച് മറക്കുകയും ചെയ്യാറുണ്ട്. നമ്മുടെ വിയർപ്പ്, ചർമത്തിലെ…

    അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

    Spread the love

    Spread the loveനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. നടി അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തിരുവനന്തപുരം കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ…

    Leave a Reply

    Your email address will not be published. Required fields are marked *