സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം പവർകട്ട് ആണല്ലോ. അപ്രതീക്ഷിതമായ വൈദ്യുതി പോകുന്നത് ബുദ്ധിമുട്ടാണെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ ട്രോളി ബാലതാരം വൃദ്ധി വിശാൽ തന്നെ രംഗത്ത് എത്തിയത്.
കെഎസ്ഇബി എന്ന അടിക്കുറിപ്പോട് കൂടിയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ, ‘നമ്മുടെ സി എം വിഡി സതീശൻ സാറിനോടാണ് എനിക്കിന്ന് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുള്ളത്’ – എന്ന് വൃദ്ധി പറയുമ്പോൾ കറണ്ട് പെട്ടെന്ന് പോകുകയാണ്. മൊത്തം ഇരുട്ടാണ് പിന്നെ വിഡിയോയിൽ കാണുന്നത്. ‘ഇനിയിപ്പോ എന്ത് പറയാനാ’ എന്ന് വൃദ്ധി ഇരുട്ടത്ത് പറയുന്നതോടെയാണ് വിഡിയോ പൂർത്തിയാകുന്നത്.
ചുരുക്കത്തിൽ വലിച്ചു നീട്ടി ഒന്നും പറയാതെ കേരളത്തിലെ വൈദ്യതി പ്രശ്നം വളരെ ലളിതമായി വൃദ്ധി ചെയ്തുവെച്ചിരിക്കുകയാണ് തന്റെ പുതിയ വിഡിയോയിൽ. നിരവധി പേരാണ് കമന്റ് ബോക്സിൽ വൃദ്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ‘പറഞ്ഞിട്ട് കാര്യമില്ല മോളെ… അനുഭവിക്ക തന്നെ’, ‘തലങ്ങും വേലങ്ങും ഇട്ട് ഊക്ക് വാങ്ങിച്ച് കൂട്ടാണല്ലോ പൂക്കി’, ‘ ‘കൊച്ചു പിള്ളേര് വരെ എടുത്തിട്ട് എയറിൽ കേറ്റാൻ തുടങ്ങി’ ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനമായി. ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ നേരത്തെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും.








