ജീവിത പ്രതിസന്ധികളെ അതിജീവിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരണമെങ്കിൽ അസാമാന്യ കരുത്തും ദൃഢനിശ്ചയവും കൂടിയേ തീരൂ. സ്വപ്നം കണ്ട സ്ഥാനത്തേക്കുള്ള യാത്രയില്‍ കല്ലും മുള്ളും വന്ന് വീണപ്പോഴും മുന്നോട്ട് നടക്കാനായിരുന്നു ആ പയ്യന്റെ തീരുമാനം. ആഗ്രഹിച്ചാൽ മാത്രം പോരാ അധ്വാനിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. ബിഎഎംഎസ് കോഴ്സ് പൂർത്തിയാക്കിയതിന് ശേഷം എംബിബിഎസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടിയ മലപ്പുറം കാളികാവ് സ്വദേശി ഡോ.ഇർഷാദ് അലി എന്ന 29 കാരന്റ ജീവിതമാണ് ഇപ്പോൾ വൈറലാകുന്നത്. എംബിബിഎസിലേക്ക് എത്താന്‍ ശ്രമിച്ചപ്പോൾ വെല്ലുവിളിയായി നിന്ന പണത്തെ കഠിനാധ്വാനത്തിലുടെ സ്വന്തമാക്കിയാണ് ഇര്‍ഷാദ് സ്റ്റെതസ്കോപ്പ് കയ്യിലെടുത്തിരിക്കുന്നത്. ഉമ്മയുടെ ആ ഒരൊറ്റ ചോദ്യമാണ് വീണ്ടും പഠിക്കാനും എൻട്രൻസിനായി തയാറാകാനും കാരണമായതെന്ന് ഇർഷാദ് പറഞ്ഞു.
∙ പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല
സാധാരണ വിദ്യാർഥിയായിരുന്നു പഠനകാലത്ത്. ജയിക്കാനുള്ള മാർക്കായിരുന്നു ലക്ഷ്യം. പത്തും പ്ലസ്ടുവും അങ്ങനെയാണ് ജയിച്ചത്. അതിനു ശേഷം എന്തെന്നുള്ള ചോദ്യം വല്ലാതെ അലട്ടിയിരുന്നു. എന്തെങ്കിലും ജോലി കിട്ടുന്ന മേഖല തിരഞ്ഞെടുക്കണമെന്നാണ് മനസ്സിലുണ്ടായിരുന്നത്. വീട്ടിൽ എന്നെ കൂടാതെ മൂന്ന് അനിയൻമാരാണുള്ളത്. കുടുംബത്തിലൊരു ഡോക്ടർ വേണമെന്ന ആഗ്രഹമാണ് എല്ലാവരും പങ്കുവച്ചത്. ഉപ്പ അബ്ദുൽ അസീസ് നാട്ടിലൊരു ചായക്കടയാണ് നടത്തിയിരുന്നത്. മെഡിസിന് പഠിക്കാൻ പോയാൽ വീട്ടിലെ കാര്യങ്ങൾ എങ്ങനെയാകുമെന്ന ചിന്തയും മനസ്സിലുണ്ടായിരുന്നു. നന്നായി ആലോചിച്ചപ്പോൾ വീട്ടുകാരുടെ ആഗ്രഹത്തിനൊപ്പം നീങ്ങാമെന്ന് തന്നെ തീരുമാനിച്ചു. നാട്ടിലെ സുഹൃത്തായ ഒരു ഡോക്ടർ പ്രോൽസാഹിപ്പിച്ചു. അങ്ങനെയാണ് എൻട്രൻസിനായി ഒരുങ്ങുന്നത്.
∙ ചെലവുകൾ അലട്ടി
എൻട്രൻസ് എഴുതിയതോടെ ഇതിനുള്ള ചെലവുകളെല്ലാം എങ്ങനെ നടക്കുമെന്ന ചിന്തയാണ് അലട്ടിയത്. എന്തെങ്കിലുമൊക്കെ സ്വന്തമായി ചെയ്ത് പണം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. പല ജോലികൾ അന്വേഷിച്ചു. പഠനത്തോടൊപ്പവും അല്ലാതെയും കൊണ്ടുപോകാവുന്ന പലതും ചെയ്തു. പഠിക്കാനുള്ള ഫീസ് വിദ്യാഭ്യാസ ലോണായി എടുത്തിരുന്നു. ഷൊർണൂർ ആയുർവേദ മെഡിക്കൽ കോളജിലാണ് ബിഎഎംഎസ് പഠിച്ചത്. ഹോസ്റ്റല്‍ ഫീസും മറ്റുമാണ് വില്ലനായത്. എല്ലാത്തിനും വീട്ടുകാരെ ആശ്രയിക്കുന്നത് ശരിയല്ലെന്നായിരുന്നു തീരുമാനം. അധ്വാനിച്ച് പഠിക്കണം, എങ്കിലെ പഠിക്കാന്‍ ആത്മാർഥത വരൂ. അതിനായുള്ള ഓട്ടത്തിലായിരുന്നു പിന്നീട് അങ്ങോട്ട്.
∙ കോണ്‍ക്രീറ്റ് പണിയിലേക്ക്
ജോലി ഇല്ലാതെ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ അന്വേഷണം വേഗത്തിൽ വ്യാപിപ്പിച്ചു. അടുത്തൊരു കോൺക്രീറ്റ് കമ്പനിയിൽ ജോലിക്ക് കയറി. ഒഴിവുസമയങ്ങളിലെല്ലാം ഈ ജോലി ചെയ്തു. പൊടിയും സിമന്റുമൊക്കെ ഇഴചേർന്നുള്ള ലോകം ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റി. കൂടെ പഠിച്ചിരുന്നവർക്കെല്ലാം അവധി ദിവസങ്ങൾ കിട്ടിയപ്പോൾ എനിക്കത് ജോലി ചെയ്യാനുള്ള ദിവസമായിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ച ഒരാൾക്ക് വലിയ ലക്ഷ്യങ്ങളിലേക്ക് എത്തിചേരാനാകില്ലെന്ന് പറഞ്ഞ് പലരും പരിഹസിച്ചു. അവരുടെ മുൻപിൽ ജയിക്കാൻ കൂടെയായിരുന്നു രണ്ടും കൽപ്പിച്ചുള്ള ജോലിയോടൊപ്പമുള്ള പഠനം. കെട്ടിട നിർമാണം, ഹോട്ടലിലെ ജോലി, കോൺക്രീറ്റ് പണി എന്നീ കഠിന ജോലികളെല്ലാം ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങി.
∙ കഷ്ടപ്പാടിന്റെ വില
കോൺക്രീറ്റ് ജനലും കട്ടിളയും നിർമിച്ച് വിൽക്കുന്ന ഒരു യൂണിറ്റിൽ ജോലി ചെയ്തിരുന്നു. അവിടെ സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്ന മുജീബ് എന്നയാൾ ഏറെ പ്രചോദനം നൽകി. ബിഎഎംഎസിന് അഡ്മിഷൻ കിട്ടിയ കാര്യമൊന്നും അദ്ദേഹത്തോട് പറഞ്ഞില്ല. ഇത്രയും പ്രായം കുറഞ്ഞ ചെറുക്കന്‍ കിടന്ന് കഷ്ടപ്പെടുന്നത് കണ്ട് അദ്ദേഹം ഒരിക്കൽ പറഞ്ഞു, മോനെ പഠിച്ച് രക്ഷപ്പെടാൻ നോക്ക്, ഇതുമായി നിന്നാൽ എന്നും ഇങ്ങനെ പോകേണ്ടി വരുമെന്ന്. തുടർന്ന് എല്ലാ കാര്യങ്ങളും മുജീബിക്കയെ ധരിപ്പിച്ചു. ജോലി ചെയ്താണ് പഠിക്കുന്നതെന്ന് അറിഞ്ഞപ്പോൾ അദേഹത്തിന് ഒരുപാട് സന്തോഷമായി. അവധി ദിവസങ്ങളിൽ ജോലി ചെയ്യാൻ കൂടുതൽ അവസരങ്ങൾ ഒരുക്കി തരികയും ചെയ്തു. വിയർപ്പിൽ കുതിർന്ന ഷർട്ടുമായാണ് പണി സ്ഥലങ്ങളിൽ നിന്ന് പലപ്പോഴും മടങ്ങിയിരുന്നത്. പഠനത്തിന് എത്രയേറെ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കിയ സമയമായിരുന്നു. മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്താനായി എടുക്കുന്ന കഷ്ടപ്പാടിന്റെ വലുപ്പവും അന്ന് മനസ്സിലാക്കി. നാല് വർഷവും ഈ ജോലികള്‍ ചെയ്താണ് ബിഎഎംഎസ് പഠിച്ച് കോഴ്സ് പൂർത്തിയാക്കിയത്.
കൂലിപ്പണിക്കാരനെന്ന ഫീൽ
ഒരിക്കൽ നാട്ടിലൊരു വീടിന്റെ വാർപ്പിന്റെ പണിക്ക് പോയപ്പോഴാണ് ആഗ്രഹത്തെ ഉറപ്പിച്ചത്. ഒരു ജോലിയെയും കുറച്ച് കാണേണ്ട കാര്യമില്ല. വാർപ്പ് പണിയ്ക്ക് കൂലിയ്ക്ക് പുറമെ ബിരിയാണിയും അധികമായി നൂറ് രൂപയും കിട്ടും. ഒരുപാട് സന്തോഷമുള്ള ദിവസമാണത്. നാട്ടിൻപ്പുറത്തെ കുലിപ്പണിക്കാരനെന്ന ഫീൽ ആസ്വദിക്കുന്ന നിമിഷം. പണി കഴിഞ്ഞ്, അന്നത്തെ കൂലി വാങ്ങി ബിരിയാണിയും കഴിച്ചിട്ട്, ആ വിയർപ്പോടുകൂടി തന്നെ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ കാറ്റിനോടൊപ്പം കിട്ടുന്ന ഒരു സുഖമുണ്ട്. ആ സമയത്താണ് പല ചിന്തകളും മനസ്സിൽ കയറി വരുന്നത്. അന്നൊരിക്കൽ കണ്ട സ്വപ്നമാണ് ഒരു തിരക്കുള്ള ഹോസ്പിറ്റലിൽ, വൈറ്റ് കോട്ടും സ്റ്റെതസ്കോപ്പും ധരിച്ച് നടക്കുന്ന ഒരു ചിത്രം. അന്ന് കണ്ട സ്വപ്നമാണ് എന്നെ മുൻപോട്ട് നയിച്ചത്. ആയുർവേദത്തിലേക്ക് എത്തിയതും ഈ സ്വപ്നത്തിന്റെ പിന്നാലെ പോയതിനാലാണ്.
∙ ഡോ.ഇർഷാദ് അലിയിലേക്ക്..
കഠിനമായ ജോലികൾ ചെയ്താണ് പഠനം പൂർത്തീകരിച്ചത്. ആയുർവേദത്തിലൂടെ ഡോ.ഇർഷാദ് അലിയായി മാറാനാണ് സാധിച്ചത്. 2016 ൽ പഠനം ആരംഭിച്ചപ്പോൾ ആഗ്രഹിച്ച ആ ദിവസം അങ്ങനെ വന്നെത്തി. ജോലി ചെയ്ത് കൊണ്ട് പഠിച്ചതിനാൽ തന്നെ പാസ്സാകാന്‍ കുറച്ച് താമസം എടുത്തിരുന്നു. ചില പേപ്പറുകൾ വീണ്ടും എഴുതേണ്ടതായി വന്നു. ഇതിനു ശേഷം കുറച്ച് നാൾ നാട്ടിലെ ക്ലിനിക്കിലൊക്കെ ജോലി ചെയ്തിരുന്നു. അപ്പോഴും എംബിബിഎസ് എന്ന സ്വപ്നം മനസ്സില്‍ കിടന്നു. വീണ്ടും പഠിക്കാനുള്ള ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ എല്ലാത്തിനും പൂർണ പിന്തുണയാണ് കുടുംബം നൽകിയത്. ആയുർവേദത്തിൽ നിന്ന് അങ്ങനെ അലോപ്പതിയിലേക്ക് യാത്ര തുടങ്ങി. നീറ്റ് എഴുതി റിസർവേഷൻ കാറ്റഗറിയിൽ 2–ാം റാങ്കിലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടിയത്. അടുത്ത 5 വർഷത്തേക്കുള്ള പ്ലാനിങ്ങിലാണ് ഇപ്പോൾ.
സാധാരണക്കാരെയും നിരാലംബരെയും ചേർത്തു നിർത്താൻ നമുക്ക് സാധിക്കണം. പറ്റുന്ന വിധത്തിൽ സേവന മനോഭവത്തോടെ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. ആയുർവേദത്തെക്കാൾ ഒട്ടേറെ മനുഷ്യര്‍ ആശ്രയിക്കുന്ന അലോപ്പതിയിലേക്കുള്ള ഈ യാത്രയ്ക്ക് കാരണം തന്നെ അതാണ് – ഇർഷാദ് പറഞ്ഞ് നിർത്തി.








